2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സി. എച്ചിന്റെ ഓർമ്മകൾക്ക് ജിദ്ദ കെഎംസിസിയുടെ അക്ഷരോപഹാരം

ജിദ്ദ: മുൻ മുഖ്യമന്ത്രിയും ആധുനിക കേരളത്തിൻ്റെ ശില്പികളിൽ പ്രധാനിയും വിദ്യാഭ്യാസ വകുപ്പ് അടക്കം സംസ്ഥാനത്തെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത സി.എച്ച് മുഹമ്മദ് കോയയുടെ സംഭവബഹുലമായ ജീവിതം തലമുറകളിലേക്ക് പകരാൻ ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി സി.എച്ച് ജീവിതവും വീക്ഷണവും എന്ന പേരിൽ 477പേജ് വരുന്ന പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു. പ്രമുഖ പത്രപ്രവർത്തകനും എറണാകുളം പ്രസ്സ് ക്ലബ് സെക്രട്ടറിയുമായിരുന്ന ആലുവ സ്വദേശി പി.എ. മഹ്ബൂബാണ് ഗ്രന്ഥകർത്താവ്.

ഷറഫിയ്യ ലക്കി ദർബാറിൽ നടന്ന പുസ്തകത്തിൻ്റെ ഗൾഫ്തല പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി സഊദി കെ എം സി സി പ്രസിഡൻ്റ് കെ.പി മുഹമ്മദ് കുട്ടിക്ക് കോപ്പി നൽകി നിർവഹിച്ചു. വായന മരിച്ചിട്ടില്ലെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് വിപണിയിൽ അനുദിനം പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണവും പുതിയ പ്രസാധകരുടെ അരങ്ങേറ്റവും സൂചിപ്പിക്കുന്നതെന്ന് പുസ്തക പ്രകാശനം നിർവഹിച്ച കെ.എം ഷാജി പറഞ്ഞു. സി.എച്ച് തലമുറകൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും അവകാശ ബോധവും പകർന്ന നേതാവാണ്. സി.എച്ച് സ്വപ്നം കണ്ടതാണ് ഇന്ന് നാം അനുഭവിക്കുന്നത്. സമുദായത്തിലെ വനിതകളുടെ വിദ്യാഭ്യാസ പുരോഗതി അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. മത്സര പരീക്ഷകളിൽ പോലും ഇന്ന് മുസ്‌ലിം പെൺകുട്ടികൾ അഭിമാനകരമായ നേട്ടമുണ്ടാക്കുമ്പോൾ സി. എച്ചിനെ വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുസ്തക പ്രസിദ്ധീകരണ രംഗത്തടക്കം ജിദ്ദ കെ എം സി സി നടത്തുന്ന സർഗാത്മക പ്രവർത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജിദ്ദ കെഎംസിസി പ്രസിഡന്റ്‌ അഹ്‌മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, ഇഖ്ബാൽ മാസ്റ്റർ, ഗ്രേസ് ജനറൽ സെക്രട്ടറി അശ്റഫ് തങ്ങൾ ചെട്ടിപ്പിടി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

നിസ്സാം മമ്പാട്, സി. കെ റസാഖ് മാസ്റ്റർ, വി.പി അബ്ദു റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം, എ.കെ മുഹമ്മദ് ബാവ, ലത്തീഫ് മുസ് ലിയാരങ്ങാടി, ശിഹാബ് താമരക്കുളം എന്നിവർ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.