2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; കല്ലിനൊപ്പം ജിയോ ടാഗിങ്ങും: മുഖ്യമന്ത്രി, ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമ ഭേദഗതി

തിരുവനന്തപുരം • സിൽവർ ലൈൻ പദ്ധതി സംസ്ഥാനം ഉപേക്ഷിച്ചിട്ടില്ലെന്നും ഏതു ഘട്ടത്തിലായാലും കേന്ദ്ര സർക്കാരിന് അനുമതി നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈനിന്റെ സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതിനൊപ്പം ജിയോ ടാഗിങ് ഉപയോഗിച്ചും അടയാളം രേഖപ്പെടുത്തും. ചില പ്രത്യേക ഇടപെടൽ ഉണ്ടായപ്പോൾ കേന്ദ്രം ശങ്കിച്ചു നിൽക്കുകയാണ്.
ഇപ്പോഴല്ലെങ്കിൽ ഭാവിയിൽ അനുമതി തരേണ്ടിവരും. കേന്ദ്രം അനുമതി ഇപ്പോൾ നൽകില്ല എന്ന സമീപനം സ്വീകരിക്കുമ്പോൾ ഞങ്ങളിപ്പോൾ നടത്തും എന്നുപറയാൻ സംസ്ഥാനത്തിനു കഴിയില്ല. സമരങ്ങളിൽ പങ്കെടുത്തവർക്കെതിരേ ക്രമസമാധാനം തകർക്കലിനും പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നും ഇവ പിൻവലിക്കുന്നത് പരിഗണനയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ ശക്തമായ നിയമ ഭേദഗതി പരിഗണനയിലാണ്. ഹൈക്കോടതിയുടെ അന്തിമവിധിക്കു വിധേയമായി റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്നതിനു പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സർക്കാർ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ ഫോൺ പദ്ധതിയുടെ 83 ശതമാനം നിർമാണ പ്രവർത്തനം പൂർത്തിയായി. 24357 സ്ഥാപനങ്ങൾക്ക് കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. പദ്ധതിക്കായി 476. 41 കോടി രൂപ ചെലവാക്കി.
മധു വധക്കേസിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വിറ്റ്‌നെസ് പ്രൊട്ടക്ഷൻ സെൽ രൂപീകരിച്ചു. പാലക്കാട് ജില്ലാ ജഡ്ജി, ജില്ലാ പൊലിസ് മേധാവി, പബ്‌ളിക് പ്രോസിക്യൂട്ടർ എന്നിവരാണ് സമിതിയിലുള്ളത്. പ്രതികളായവർക്കെതിരേ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.