2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിൽവർലൈനുമായി മുന്നോട്ട് തന്നെ, പ്രകൃതിയെ മറന്നുള്ള ഒരു വികസനത്തിനും സർക്കാരില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം
സിൽവർലൈൻ എതിർപ്പുകൾ തണുപ്പിക്കാനുള്ള വിശദീകരണ യോഗത്തിന് തുടക്കമിട്ട് എൽ.ഡി.എഫ്.
വരുംതലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് സിൽവർലൈൻ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭാഗ്യവശാൽ ചിലർ പ്രതിഷേധത്തിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനത്തിനും സർക്കാരില്ലെന്നും വികസനത്തിന്റെ പേരിൽ ഒരാളും കേരളത്തിൽ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികൾക്കെതിരേ വർഗീയശക്തികൾ അവർക്ക് ആകുന്നതെല്ലാം ചെയ്യുന്നു. ഭൂമി ഏറ്റെടുക്കാൻ പാടില്ല എന്നൊരു പ്രക്ഷോഭം വന്നാൽ സർക്കാർ സംവിധാനത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കണം. ആരുടെയെങ്കിലും വാശിക്ക് മുന്നിൽ നോക്കിനിൽക്കാൻ സർക്കാരിന് ആകില്ല. ഗെയിൽ പൈപ്പ് ലൈൻ നടപ്പാക്കാനാവില്ല എന്ന് പറഞ്ഞു. പക്ഷേ പദ്ധതി പൂർത്തിയായി. അടുക്കളയിലേക്ക് പൈപ്പിലൂടെ ഗ്യാസ് എത്താൻ പോകുന്നു. നാടിന്റെ വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക കാര്യം. ദേശീയപാതാ വികസന പ്രവൃത്തികൾ നന്നായി നടന്നുവരുന്നു. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്.

സിൽവർ ലൈൻ ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയാണ്. ജനങ്ങൾക്കാവശ്യമുള്ള ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. 13,265 കോടി രൂപയാണു സ്ഥലമേറ്റെടുക്കലിനും പുനരധിവാസത്തിനുമായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരാൾക്കും നിരാശപ്പെടേണ്ടി വരില്ല. സിൽവർലൈനിൽ സംസ്ഥാനത്തെ ടൂറിസത്തിനു വലിയ കുതിപ്പാണു സമ്മാനിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.