2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സിറിയ: വെടിനിര്‍ത്തലിനു തയാറെന്ന് സര്‍ക്കാര്‍

വെടിനിര്‍ത്തല്‍ കരാറില്‍ വെള്ളിയാഴ്ച ഒപ്പിടും

ദമസ്‌കസ്: സിറിയയില്‍ വെടിനിര്‍ത്തലിനു യു.എസും റഷ്യയും പദ്ധതി തയാറാക്കിയതോടെ വെടിനിര്‍ത്തലിനു തയാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനു വേണ്ടി റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രസ്്താവനയില്‍ പറഞ്ഞു. മറ്റ് ഗ്രൂപ്പുകളും വെടിനിര്‍ത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്്താവന പറയുന്നു. ഐ.എസ്, അല്‍ നുസ്്്‌റ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ സഹകരിപ്പിക്കുന്നില്ല. നേരത്തെ വിയന്നയില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പിന്നീട് ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
രാജ്യത്തെ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ ലഭിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സിറിയ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറുകള്‍ അട്ടിമറിക്കുന്നത് ഇത്തരം ആയുധ ശേഖരം ഉപയോഗിച്ചാണ്. ഈ മാസം 26 ന് ഉച്ചയോടെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.
സിറിയന്‍ പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്.എന്‍.സി)യും വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അസദും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രതീക്ഷയില്ലെന്നും എച്ച്.എന്‍.സി വക്താവ് റിയാദ് നാസാന്‍ അഗ പറഞ്ഞു. ഐ.എസും നുസ്്‌റ ഫ്രണ്ടും വെടിനിര്‍ത്തലിനില്ലാത്തതിനാല്‍ അവര്‍ സിറിയന്‍ വിമതര്‍ക്കെതിരേ ആക്രമണം നടത്തി തങ്ങളെ ഇല്ലാതാക്കുമെന്ന ഭീതിയും എച്ച്.എന്‍.സി പങ്കുവയ്ക്കുന്നുണ്ട്.

ഏപ്രിലില്‍ തെരഞ്ഞെടുപ്പ്

ദമസ്‌കസ്: സിറിയയില്‍ ഏപ്രില്‍ 13 ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ബശര്‍ അല്‍ അസദ്. യു.എസും റഷ്യയും വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ദേശീയ വാര്‍ത്താ ഏജന്‍സിയായ സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിറിയയിലെ ഓരോ പ്രവിശ്യകളിലും സീറ്റുകളുടെ എണ്ണം സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്റ് പൂര്‍ത്തിയാക്കിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. 2012 മെയിലാണ് സിറിയയില്‍ അവസാനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബാത് പാര്‍ട്ടിക്കു പുറമേ മറ്റ് പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. 250 അംഗങ്ങളാണ് സിറിയന്‍ പാര്‍ലമെന്റിലുള്ളത്. ബാത് പാര്‍ട്ടിയുടെ അംഗങ്ങളാണ് പാര്‍ലമെന്റില്‍ കൂടുതലായുള്ളത്.
കൃഷി മന്ത്രിയായി പിന്നീട് അസദ് സ്ഥാനം നല്‍കിയ റിയാബ് സിറിയയുടെ പുതിയ പ്രധാനമന്ത്രിയാകും. 2011 മാര്‍ച്ച് മുതല്‍ രാജ്യത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന കലാപത്തില്‍ 2.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 10 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ വിയന്നയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ സിറിയയില്‍ 18 മാസത്തിനകം സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.