
ബ്രസീലിയ: ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള്‍ നാടും വീടും വിടേണ്ടിവന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ധൈര്യവും ആശ്വാസവും പകര്‍ത്ത് സിറിയന്‍ പെണ്‍കുട്ടിയുടെ ദീപശിഖാ പ്രയാണം. രാജ്യങ്ങള്‍ ചുറ്റി ബ്രസീലിലെത്തിയ റിയോ ഒളിമ്പിക്സ് ദീപശിഖയുമായി സിറിയന്‍ അഭയാര്‍ഥിയായ പന്ത്രണ്ടുകാരി ഹനാന് ഖാലിദ് ദഗ്ഗ ഓടിയത് 400 മീറ്ററാണ്.
പ്രത്യേക വിമാനത്തിലെത്തിയ ദീപശിഖയ്ക്ക് പ്രസിഡന്റ് ഭവനത്തില്‍വച്ച് ദില്‍മ റൂസഫാണ് തീ കൊളുത്തിയത്. നൂറു കണക്കിന് സ്കൂള്‍ കുട്ടികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി. ഇനി 95 ദിവസത്തെ പ്രയാണത്തിനു ശേഷം ഒളിമ്പിക് ഗ്രാമമായ റിയോയില്‍ ദീപശിഖയെത്തും.
ബ്രസീല്‍ വനിതാ വോളിബോള്‍ ടീമിനെ നയിക്കുന്ന, രണ്ടു തവണ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേടിയ ഫാബിയാന ക്ലോഡിനോയാണ് ദില്‍മ റൂസഫില് നിന്ന് ദീപശിഖ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഹനാന് ദീപശിഖ കൈമാറി. കഴിഞ്ഞവര്‍ഷം ബ്രസീലിലെത്തിയ രണ്ടായിരം അഭയാര്ഥികളില്പ്പെട്ടവളാണ് ഹനാന്.
ദീപശിഖയ്ക്ക് തീ കൊളുത്തുന്ന ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്
‘ഞാനൊരു അഭയാര്‍ഥിയാണെന്ന് തോന്നിയതേയില്ല, ഒരു ബ്രസീലിയനെപ്പോലെയാണ് തോന്നിയത്, ദീപശിഖയുമേന്തിപ്പോകുന്ന ഒരു ബ്രസീലിയന്‍’- ഹനാന് പറയുന്നു.
‘ഞാന്‍ കൂടെവന്ന മറ്റു അഭയാര്‍ഥികളെക്കൂടി സന്ദര്‍ശിക്കാന്‍ പോവുകയാണ്. പേടിക്കാനില്ലെന്നും ശക്തിയാര്ജ്ജിക്കണമെന്നുമുള്ള സന്ദേശം നല്‍കാനാണിത്. സാവോ പോളോയിലുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും ഭയമാണ്, ജോലി ലഭിക്കില്ല, വാടക നല്‍കാനാവില്ല എന്നൊക്കെയുള്ള പേടി. പക്ഷെ, നിങ്ങള്‍ ഭയപ്പെടേണ്ടതില്ല, സ്വന്തത്തില്‍ വിശ്വസിക്കൂ’- ഹനാന്റെ ദൃഢതയാര്‍ന്ന സ്വരം.
വടക്കു-കിഴക്കന്‍ സിറിയയില്‍ താമസിച്ചിരുന്ന ഹനാനും കുടുംബവും 2015 ലാണ് ബ്രസീലിലെത്തുന്നത്. രണ്ടു വര്‍ഷത്തെ ജോര്‍ദാനിലെ താമസത്തിനു ശേഷമാണ് ബ്രസീലിലേക്കു കടക്കുന്നത്.