2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സിനിമയെ വെല്ലും രാഷ്ട്രീയജീവിതം

കെ ജംഷാദ്

സിനിമാനടിയില്‍ നിന്ന് തമിഴ്മക്കളുടെ അമ്മയായി ഉയര്‍ന്നു വന്ന ജെ.ജയലളിതയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തരായ വനിതകളുടെ ഒപ്പമാണ് പുരൈട്ചി തലൈവിയുടെ സ്ഥാനം. തമിഴകത്തിന്റെ ഉരുക്കുവനിതയായി മാറിയ തലൈവിയുടെ ജീവിതവിജയം ആജ്ഞാശക്തിയും ഏകാധിപത്യവുമാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ അതുതന്നെയായിരുന്നു അവരുടെ തനതു വ്യക്തിത്വം.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി തികഞ്ഞ രാഷ്ട്രീയക്കാരിയായാണ് ജയലളിത തമിഴ്മനസ്സില്‍ ഇടം നേടിയതും പിന്നീട് അധികാരം ഉറപ്പിച്ചതും. സൗന്ദര്യവും അഭിനയമികവും ധിഷണയും ഒരുപോലെ പയറ്റിയാണ് തന്ത്രങ്ങളുടെ വിളനിലമായ തമിഴക രാഷ്ട്രീയത്തില്‍ ജയ നേട്ടംകൊയ്തത്. സിനിമയ്ക്ക് ഏറെ പ്രാധാന്യമുള്ള തമിഴ്‌നാട്ടില്‍ സൗന്ദര്യവും അഭിനയമികവും ജയലളിതയെ ജനമനസിലെ പ്രിയങ്കരിയാക്കി. എം.ജി.ആറുമായുള്ള സൗഹൃദമാണ് ജയലളിതയിലെ രാഷ്ട്രീയക്കാരിയെ പൊടിതട്ടിയെടുത്തത്.
പിതാവിന്റെ ഓര്‍മപോലും ജീവിതത്തില്‍ കൂട്ടിനില്ലാത്ത അവരുടെ ജീവിതത്തിലുടനീളം വാശിയും കര്‍മവീര്യവും പ്രകടമായിരുന്നു. ചെന്നിടത്തെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പഠനത്തിലും കലാരംഗത്തും രാഷ്ട്രീയത്തിലുമെല്ലാം ജയലളിത തന്റേതായ സ്ഥാനം ഉറപ്പിച്ചത് അങ്ങനെയാണ്. സിനാമാക്കഥപോലെ വിജയം മാത്രമായിരുന്നില്ല അവരുടെ ജീവിതത്തില്‍. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ തിരിച്ചടികള്‍ ഒന്നൊന്നായി പിന്തുടര്‍ന്നു. തളരാതെ പ്രതിസന്ധികളെ നേരിട്ടാണ് തമിഴ്മക്കളുടെ അമ്മയാകുന്നത്.
ജയലളിതയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടഞ്ഞത്. പിന്നീട് കുടുംബം പോറ്റാന്‍ അമ്മ വേദവല്ലിക്ക് സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിക്കേണ്ടിവന്നു. നാലു വയസുമുതല്‍ ജയലളിത വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ സ്‌കോളര്‍ഷിപ്പോടെയാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

മകളെ സിനിമയിലേക്ക് കൈപിടിച്ചതും മാതാവാണ്. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറി. 15ാം വയസില്‍ സിനിമയില്‍ അരങ്ങേറ്റം. ആദ്യ കന്നഡ സിനിമ ഹിറ്റായതോടെ പുതിയ താരോദയമായി അവര്‍ വാഴ്ത്തപ്പെട്ടു. തെലുങ്കിലും തമിഴിലും അവര്‍ സ്വാധീനമുറപ്പിച്ചു. യുവത്വം ജയലളിതയുടെ സിനിമകള്‍ക്ക് വരിനിന്നു.
തമിഴ് സൂപ്പര്‍താരം എം.ജി.ആറിനൊപ്പമുള്ള 30 ലേറെ സിനിമകളാണ് അവരുടെ രാഷ്ട്രീയഭാവി നിര്‍ണയിച്ചത്. 60- 70 കാലഘട്ടതില്‍ എം.ജി.ആര്‍- ജയലളിതാ സഖ്യം തമിഴ്‌സിനിമാ ലോകത്ത് ജ്വലിച്ചുനിന്നു.
1980 ല്‍ എം.ജി.ആറിന്റെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയില്‍ അംഗമായി. പാര്‍ട്ടിയിലെ ഉന്നതരെ അമ്പരിപ്പിച്ച് പ്രചാരണവിഭാഗം മേധാവിയായി. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായി. 84ല്‍ രാജ്യസഭാംഗമായി. രാഷ്ട്രീയത്തില്‍ ജയലളിതയുടെ ഗ്രാഫ് ഇതോടെ ഉയര്‍ന്നു. പാര്‍ട്ടിയിലെ രണ്ടാമത്തെ സ്ഥാനം ജയക്കായിരുന്നു.
എന്നാല്‍ ഇതിനകം പാര്‍ട്ടിയില്‍ ജയക്കെതിരേ കരിനീക്കങ്ങളുമാരംഭിച്ചു. 1987ല്‍ എം.ജി.ആര്‍ മരിച്ചതോടെ ഒറ്റപ്പെട്ടു. എം.ജി.ആറിന്റെ വിലാപയാത്രയില്‍ നിന്നുപോലും ജയലളിതയെ പിടിച്ചുപുറത്താക്കാന്‍ ശ്രമംനടന്നു. എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ തുടര്‍ന്ന് മുഖ്യമന്ത്രിയാക്കാന്‍ എതിര്‍ഭാഗത്തിനു കഴിഞ്ഞു. രാജ്യസഭാംഗത്വം രാജിവച്ച ജയലളിത പാര്‍ട്ടി നേതൃപദവിക്ക് നീക്കം നടത്തി. പാര്‍ട്ടി പിളര്‍ന്നു. 1989 ല്‍ പിളര്‍പ്പ് മുതലെടുത്ത് ഡി.എം.കെ അധികാരത്തില്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.