
പഴയങ്ങാടി: കെ.എസ്.ടി.പി റോഡിലെ സിഗ്നല്‍ വിളക്കുകള്‍ വാഹനമിടിച്ചു തകരുന്നതു പതിവുകാഴ്ചയായി. കഴിഞ്ഞദിവസം താവം ആയുര്‍വേദ ആശുപത്രിക്കു സമീപം രണ്ടു സിഗ്നല്‍ വിളക്കുകള്‍ വാഹനങ്ങള്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. കെ.എസ്.ടി.പി അന്താരാഷ്ട്ര റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ കൂടി ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണത്തിലും ക്രമാതീതമായി വര്‍ധനവുണ്ടായി. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണു കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ റോഡില്‍ സിഗ്നല്‍ വിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇവ ഓരോന്നായി വാഹനമിടിച്ച് തകരുന്ന അവസ്ഥയാണ്.
പഴയങ്ങാടി താവം മേഖലകളില്‍ മാത്രം അഞ്ചു സിഗ്നലുകള്‍ ഇതിനകം വാഹനമിടിച്ചു തകര്‍ന്നു. നേരത്തെ താവം പള്ളിക്കു സമീപത്തെ സിഗ്നല്‍ വാഹനമിടിച്ച് തകര്‍ന്നിരുന്നു. കഴിഞ്ഞദിവസം താവം ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ സിഗ്നല്‍ വിളക്കുകളും നിലംപതിച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സിഗ്നല്‍ വിളക്കുകളാണു വാഹന ഡ്രൈവര്‍മാരുടെ അമിതവേഗത കാരണം തകരുന്നത്. മിക്കപ്പോഴും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കാനും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
തകര്‍ന്നുവീണ സിഗ്നല്‍ വിളക്കുകള്‍ പിന്നീടു പുനഃസ്ഥാപിച്ചിട്ടുമില്ല. വാഹനങ്ങളുടെ അമിതവേഗതയാണു കഴിഞ്ഞദിവസം താവം ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ സിഗ്നല്‍ വിളക്ക് തകരാന്‍ കാരണമായതെന്നു ദൃക്സാക്ഷികള്‍ പറയുന്നു.