
കണ്ണൂര്‍: ഗതാക്കുരുക്കിനു പരിഹാരമായി കണ്ണൂര്‍ മുനീശ്വരന്‍ കോവിലില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ നിലച്ചതോടെ നഗരം ഗതാഗതക്കുരുക്കില്‍. ഇന്നലെ വിഷു ആഘോഷത്തിന്റെ തിരക്കുകൂടി വന്നതോടെ മുനീശ്വരന്‍ കോവില്‍ പരിസരം പൂര്‍ണമായും ഗതാഗത സ്തംഭനത്തിലേക്ക് നീങ്ങി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ മൂന്നോളം പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടും കുരുക്ക് നിയന്ത്രിക്കാന്‍ പൊലിസുകാര്‍ പാടുപെട്ടു. കണ്ണൂര്‍ റെയില്വേസ്റ്റേഷന് പരിസരം, പഴയസ്റ്റാന്റ് പരിസരം, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളാണ് മുനീശ്വരന്‍ കോവിലില്‍ സംഘമിക്കുന്നത്. എന്നാല്‍ ട്രാഫിക് സിഗ്നല്‍ ഇല്ലാത്തതോടെ ഇവിടെ ഗതാഗതം സ്തംഭിക്കുകയാണ്. മൂന്നുഭാഗത്തു നിന്ന് ഒരുപോലെ വാഹനങ്ങള്‍ വരുന്നതാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം.
അഞ്ചുവര്‍ഷം മുമ്പ് ഏഴുലക്ഷം രൂപ ചെലവാക്കിയാണ് മുനീശ്വരന്‍ കോവില്‍, കാല്‍ടെക്സ്, താണ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. കാല്ടെക്സിലെയും താണയിലെയും ട്രാഫിക് സിഗ്നലിലെ പ്രശ്നം പരിഹരിച്ച് പുനസ്ഥാപിച്ചെങ്കിലും മുനീശ്വരന്‍ കോവിലില്‍ ഇന്നും ട്രാഫിക് സിഗ്നലിന്റെ തൂണുകള്‍ മാത്രമേയുള്ളൂ. ഇരുചക്രവാഹനക്കാര്‍ക്കും കാല് നടയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണ് മുനീശ്വരന്‍ കോവിലിലെ ഗതാഗതക്കുരുക്ക്. കുരുക്കഴിക്കാന്‍ അടിയന്തരമായി ട്രാഫിക് സിഗ്നല്‍ സംവിധാനം പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ട്രാഫിക് സിഗ്നല്‍ യാഥാര്‍ഥ്യമായാല്‍ ഇവിടെ നിയന്ത്രിക്കാന്‍ പൊലിസുകാരുടെ ആവശ്യവുമില്ല.