
ഹരാരെ: ഇന്ത്യയ്ക്കെതിരായ പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ സിംബാബ്വെ ക്രിക്കറ്റില്‍ പൊട്ടിത്തെറി. കോച്ച് ഡേവ് വാറ്റ്മോറിനെയും ടീം നായകന് ഹാമില്ട്ടന് മസാകഡ്സയെയും ബോര്‍ഡ് പുറത്താക്കി.
ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്. താല്‍ക്കാലിക കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖായ എന്‍ടിനിയെയും താല്‍ക്കാലിക നായകനായി ലെഗ് സ്പിന്നര്‍ ഗ്രേയം ക്രീമറെയും നിയമിച്ചിട്ടുണ്ട്. സെലക്ടര്‍മാരുടെ കണ്‍വീനറായി തതേന്ദ തയ്ബുവിനെയും ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു.
ടി20 ലോകകപ്പിലെ ടീമിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ടീമില്‍ കാര്യമായ മാറ്റം വരുത്തിയതെന്ന് സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നറെ ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.
വാറ്റ്മോറുമായുള്ള എല്ലാ കരാറും റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. നിലവിലെ ബൗളിങ് കോച്ചായ എന്‍ടിനിക്ക് ടീമിനെ മുന്നോട്ടു നയിക്കാനാവുമെന്നും ബോര്‍ഡ് പറഞ്ഞു.