2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സായുധസേനയില്‍ എം.ബി.ബി.എസ്: പഠനം മുതല്‍ ജോലി വരെ

സായുധസേനയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പാണ്. സായുധസേനാ മെഡിക്കല്‍ കോളജില്‍ ഇതിന് അവസരമുണ്ട്. നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അംഗീകാരമുള്ള സര്‍വിസ് ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം പഠനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ കമ്മിഷന്‍ഡ് റാങ്കോടെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസില്‍ ഡോക്ടര്‍ നിയമനവും ലഭിക്കും. രാജ്യസേവനത്തിനുള്ള അവസരമാണ് പുണെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് (എ.എഫ്.എം.സി) ഒരുക്കുന്നത്.
നേതൃപാടവം, മികച്ച ആശയവിനിമയശേഷി, ശാരീരികക്ഷമത എന്നിവ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതീക്ഷിക്കുന്നു.

145 സീറ്റില്‍ 30 സീറ്റ് പെണ്‍കുട്ടികള്‍ക്കായും 10 സീറ്റ് വ്യവസ്ഥകള്‍ക്കു വിധേയമായി പട്ടികവിഭാഗക്കാര്‍ക്കുമാണ്. പ്രവേശനം തേടുന്നവര്‍ അവിവാഹിതരായിരിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യതാ വ്യവസ്ഥകള്‍ തുടങ്ങിയവ www.afmc.nic.in ലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. 2020ലെ പ്രവേശന നിര്‍ദേശങ്ങള്‍പ്രകാരം ഇന്ത്യക്കാര്‍ക്ക് ട്യൂഷന്‍ഫീസ് ഇല്ല.
പ്രവേശനത്തിന് മൂന്നുഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി അഭിമുഖീകരിച്ച് യോഗ്യത നേടണം. രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) യുടെ www.mcc.nic.in വഴി ഓപ്ഷന്‍ നല്‍കണം.

ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എ.എഫ്.എം.സി. നടത്തുന്ന തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കുന്നതാണ് മൂന്നാംഘട്ടം.
എം.സി.സി സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്നവരുടെ പട്ടിക ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ്, എ.എഫ്.എം.സി.ക്ക് കൈമാറും. ഈ പട്ടികയില്‍നിന്ന് ഏകദേശം 1,600 പേരെ (1,150 ആണ്‍കുട്ടികള്‍, 450 പെണ്‍കുട്ടികള്‍) ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടികയും സ്‌ക്രീനിങ് ടെസ്റ്റ് സമയക്രമവും www.afmc.nic.in, www.afmcdg1d.gov.in ല്‍ പ്രസിദ്ധീകരിക്കും.

സ്‌ക്രീനിങ് ടെസ്റ്റ്

പുണെ എ.എഫ്.എം.സി.യില്‍ സ്‌ക്രീനിങ് ടെസ്റ്റ്, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹന്‍ഷന്‍, ലോജിക് ആന്‍ഡ് റീസണിങ് (ടി.ഒ.ഇ.എല്‍.ആര്‍.), സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ് (പി.എ.ടി.), അഭിമുഖം എന്നിവയടങ്ങുന്നതാണ്. റാങ്കിങ് രീതി ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. പി.എ.ടി യോഗ്യതാപരീക്ഷ മാത്രമാണ്. അതിന്റെ മാര്‍ക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. അന്തിമതിരഞ്ഞെടുപ്പ് മെഡിക്കല്‍ പരിശോധനയ്ക്കുശേഷം.

കമ്മിഷന്‍ഡ് റാങ്ക്

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസില്‍ (കര, നാവിക, വ്യോമ സേനകള്‍) കമ്മിഷന്‍ഡ് റാങ്കോടെ ഡോക്ടറായി സേവനം അനുഷ്ഠിക്കണം. മെറിറ്റ്, ചോയ്‌സ് പരിഗണിച്ച് 50 ശതമാനം പേര്‍ക്ക് പെര്‍മനന്റ് കമ്മിഷനും ബാക്കിപേര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമ്മിഷനും അനുവദിക്കും. ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ ലഭിക്കുന്നവര്‍ കുറഞ്ഞത് ഏഴുവര്‍ഷം സേവനം അനുഷ്ഠിക്കണം.

ബോണ്ട് നല്‍കണം

പ്രവേശനംനേടി ഏഴുദിവസം കഴിഞ്ഞ് കോഴ്‌സ് ഉപേക്ഷിച്ചാല്‍ നഷ്ടപരിഹാരമായി 61 ലക്ഷം രൂപ നല്‍കണം. ഇതിലേക്ക്, രക്ഷകര്‍ത്താവ് ബോണ്ട് നല്‍കണം.

പ്രവേശനംനേടി ഏഴുദിവസം കഴിഞ്ഞ് കോഴ്‌സ് ഉപേക്ഷിച്ചാല്‍ നഷ്ടപരിഹാരമായി 61 ലക്ഷം രൂപ നല്‍കണം. ഇതിലേക്ക്, രക്ഷകര്‍ത്താവ് ബോണ്ട് നല്‍കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.