2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാമ്പത്തിക മുന്നേറ്റത്തിന് ഏകോപിത വികസനം അനിവാര്യം: വേണു രാജാമണി

കൊച്ചി: ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി വികസനത്തിനുള്ള സാധ്യതകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാലേ ചൈനയെപ്പോലെ ഇന്ത്യയ്ക്കും സാമ്പത്തിക മുന്നേറ്റം നേടാനാകുകയുള്ളൂവെന്നു നെതര്‍ലാന്‍ഡിലെ മുന്‍ അംബാസഡര്‍ വേണു രാജാമണി. കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ ലീഡര്‍ ടോക്‌സ് ലക്ചര്‍ സിരീസില്‍ ‘ഇന്ത്യയുടെ ദൂതനായി ലോകത്തില്‍ അടയാളം തീര്‍ത്തപ്പോള്‍’ എന്ന വിഷയത്തിലെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനക്കാരെപ്പോലെ ഇന്ത്യക്കാരും കഠിനാധ്വാനികളായതിനാല്‍ അവരെപ്പോലെ മുന്നേറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇന്ത്യയുടെയും ചൈനയുടേയും ആധുനിക രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രം വ്യത്യസ്തമാണ്. മുതലാളിത്തത്തിന്റേയും സോഷ്യലിസത്തിന്റേയും നേട്ടങ്ങള്‍ സംഭരിക്കാന്‍ ചൈനയ്ക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് ഇവ രണ്ടിന്റേയും കുറവുകളാണ് വന്നുഭവിച്ചതെന്നും മൂന്നു പതിറ്റാണ്ടു മുന്‍പു താന്‍ പോയ ചൈനയല്ല പിന്നീട് സന്ദര്‍ശിച്ചപ്പോള്‍ കാണാനായതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ സമീപനം ഇതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ്. ഇന്ത്യയുമായി കൂടുതല്‍ മികച്ച ബന്ധം സൂക്ഷിക്കാനുള്ള താല്‍പര്യമാണ് ഇന്നു ഗള്‍ഫ് രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്നത്. അറബ് രാജ്യങ്ങളിലെ മുതിര്‍ന്ന തലമുറ ഇന്ത്യയെ വളരെയധികം സ്‌നേഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍ നായര്‍ നേതൃത്വം നല്‍കി. കെ.എം.എ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.