
പ്രധാനമന്ത്രിയുടെ യോഗത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം
ന്യൂഡല്‍ഹി:സാമൂഹിക മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കേണ്ടതെന്നും അല്ലാതെ സ്വന്തം പുകഴ്ത്താനുള്ളതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ടാണ് മോദി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. യോഗത്തിനിടയില്‍ അടിയന്തരമായ ചര്‍ച്ച നടക്കുമ്പോള്‍ പല ഉദ്യോഗസ്ഥരുടെയും ശ്രദ്ധ സാമൂഹിക മാധ്യമങ്ങളിലാണ്. പലയോഗങ്ങളിലും ഉദ്യോഗസ്ഥര്‍ എപ്പോഴും തിരക്കുള്ളവരായിട്ടാണ് കാണപ്പെടാറുള്ളത്. നോക്കുമ്പോഴാണ് എല്ലാവരും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് മനസിലായത്. ഇതേതുടര്‍ന്നാണ് യോഗത്തിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ചത്.
സിവില്‍ സര്‍വീസ് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമൂഹിക മാധ്യമങ്ങളെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിനായിട്ടുവേണം ഇത് ഉപയോഗിക്കാന്‍. ഇ-ഗവേര്‍ണന്‍സ് എന്നത് മൊബൈല്‍ ഗവേര്‍ണന്‍സ് ആയി മാറിയിരിക്കുകയാണ്. ഏറ്റവും നല്ല ഉപകരണത്തെ ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായാണ് ഉപയോഗിക്കേണ്ടത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാനും നല്ല ജോലികളിലേര്‍പ്പെടാനും സാമൂഹിക മാധ്യമങ്ങള്‍ വഴി സാധ്യമാകുന്നുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോകള്‍ കൊടുക്കുമ്പോള്‍ സ്വയം പുകഴ്ത്തുകയെന്നതിലുപരി നാട്ടുകാര്‍ക്ക് എന്ത് ഉപകാരമാണ് അതുവഴിയുണ്ടാകുന്നതെന്ന് മോദി ചോദിച്ചു.