
തിരുവനന്തപുരം: സാധാരണക്കാരുടെ മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്ന ജി.എസ്.ടി നികുതി ഘടന പരിഷ്കരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത്തരം നികുതി ഘടനയ്ക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അവശ്യസാധനങ്ങളുടെ നികുതി ഇപ്പോഴുള്ളതില്‍ നിന്ന് പകുതിയാക്കി കുറയ്ക്കണമെന്നാണ് കേരളം ജി.എസ്.ടി കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്.
ജി.എസ്.ടി നിര്‍ദേശിക്കുന്ന നികുതി നിരക്ക് 12 മുതല്‍ 18 ശതമാനം വരെയാണ്. നിലവില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള ആഢംബര വസ്തുക്കള്‍ക്ക് 30 മുതല്‍ 34 ശതമാനം വരെയാണ് നികുതി ചുമത്തുന്നത് ജി.എസ്.ടി നടപ്പിലാക്കുന്നതോടെ ഇത് 18 ശതമാനമായി കുറയും. എന്നാല്‍, അരി, തുണിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ നികുതി 12 ശതമാനമായി വര്‍ധിക്കുകയും ചെയ്യും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതോ സാധരണക്കാരെയും. ജി.എസ്.ടി വരുന്നതോടെ നികുതി കുറയെങ്കിലും കമ്പനികള്‍ എം.ആര്.പി കുറയ്ക്കില്ല. അതിനാല്‍ ജി.എസി.ടിയുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നതാവട്ടെ കുത്തകകള്ക്കാണെന്നം തോമസ് ഐസക് പറഞ്ഞു.
അവശ്യസാധനങ്ങള്‍ക്ക് ആറു ശതമാനവും ആഢംബരവസ്തുക്കള്ക്ക് 26 ശതമാനവും മറ്റുള്ളവയ്ക്ക് 20 ശതമാനവും എന്നീ മൂന്ന് സ്ലാബിലുള്ള നികുതി നിരക്കാണ് കേരളം നിര്‍ദേശിക്കുന്നത്. ഇത് ജി.എസ്.ടി കൗണ്‍സിലില്‍ വോട്ടിനിടുമ്പോള്‍ കേരളം നിലപാട് ആവര്‍ത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.