
അബൂദബി: ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തിരിച്ചടി. ടീമില്‍ പുതുതായെത്തിയ ആസ്ത്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡും ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനും ഉദ്ഘാടന മല്‍സരത്തില്‍ കളിക്കില്ലെന്നതാണ് വിവരം.
മുംബൈയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ മാത്രമല്ല 22ന് രാജസ്ഥാന് റോയല്‍സുമായുള്ള രണ്ടാമത്തെ മല്‍സരത്തിലും ഇരുവരും സി.എസ്കെയ്ക്കായി കളിക്കാനിടയില്ല. നിലവില്‍ ദേശീയ ടീമുകള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന ഹേസല്‍വുഡും കറെനും 17ന് വൈകീട്ട് മാത്രമേ യു.എ.ഇയിലെത്തുകയുള്ളൂ.
ഇവിടെയെത്തിയാല്‍ രണ്ടു പേര്‍ക്കും ആറു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഇതിനിടെയുള്ള കൊവിഡ് ടെസ്റ്റുകളില്‍ നെഗറ്റീവായാല്‍ മാത്രമേ താരങ്ങള്‍ക്കു സി.എസ്.കെയ്ക്കൊപ്പം ചേരാനാവൂ. സുരേഷ് റെയ്നയും ഹര്ഭജന് സിങ്ങും ഇല്ലാത്ത ചെന്നൈക്ക് കനത്ത തിരിച്ചടിയാണ് നിലവിലുള്ളത്. ബ്രാവോ, മിച്ചന്‍ സാന്റനര്‍ എന്നിവര്‍ ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചു കൊണ്ടിരിക്കുക്കയാണ്.