2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഹനശക്തിയെ മുതലെടുക്കുകയോ?

ഹാഫിള് ഇസ്ഹാഖ് പി, കൊളമ്പലം

ഈ എഴുത്തിനാധാരം ഏതാനും ചില സംഭവ വികാസങ്ങളാണ്. കേരളത്തിലെ മുസ്‌ലിംകളെന്നല്ല അധിക വിശ്വാസികളും ഇത്തരം വിഷയങ്ങളില്‍ സംയമനം പാലിക്കുന്നത് ദൈവപ്രീതി കാംക്ഷിച്ച് കൊണ്ടു മാത്രമാണ്. എന്നാല്‍, ചില സംഭവങ്ങള്‍ കാണുമ്പോള്‍ ഈ സഹനശക്തിയെ ഭരണകൂടം മുതലെടുക്കുകയാണോ എന്ന് സാധാരണക്കാരന്‍ പോലും സംശയിച്ചു പോകുന്നു. ജനങ്ങളെ പീഡിപ്പിക്കുന്ന പലിശക്കാരനൊ, ഗുണ്ടകളൊ പിടിക്കപ്പെട്ടാല്‍ അവരെ കാപ്പ ചുമത്തി ജയിലിലടക്കാനും മറ്റുമെല്ലാം ഭരണകൂടം കിണഞ്ഞുശ്രമിക്കുകയും അതിനുവേണ്ടി ചരട് വലിക്കുകയും ചെയ്യുന്നു. എന്നാല്‍, മുഹമ്മദ് നബി(സ)യെ അപമാനിച്ചു എന്ന് പറഞ്ഞ് ഏതാനും ചെറുപ്പക്കാര്‍ ഒരു കോളജ് പ്രഫസറുടെ കൈ വെട്ടിമാറ്റിയപ്പോള്‍ അവര്‍ക്കെതിരേ യുഎപിഎ ചുമത്തുകയും കേരളം ഒന്നടങ്കം പ്രതിഷേധിക്കുകയും ചെയ്തു. ഈ അടുത്ത് നടന്ന ഫൈസല്‍ വധക്കേസും റിയാസ് മുസ്‌ലിയാര്‍ വധക്കേസും പരിശോധിച്ചാല്‍ തീര്‍ത്തും നിരപരാധികളായ, ഒരു വിഷയത്തിലും കുറ്റാരോപിതരല്ലാത്ത പാവങ്ങള്‍.
ഇവരെ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ വേണ്ടി കൊലപ്പെടുത്തിയതിനെ വിമര്‍ശിക്കാനൊ ശക്തമായ നടപടി സ്വീകരിക്കാനൊ തുനിയാത്ത ഭരണകൂടത്തിന്റെ ഈ പ്രവൃത്തി ഏകപക്ഷീയമല്ലേ എന്നു സംശയിച്ച് പോകുന്നു. ആര്‍ക്കെങ്കിലും ആരോടെങ്കിലും പകയുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് നിരപരാധികളായ പാവങ്ങളോടാണോ? എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു? സര്‍ക്കാര്‍ നിഷ്‌ക്രിയമായത് കൊണ്ടല്ലേ? സംഘ്പരിവാറിനെതിരേ വീമ്പിളക്കി പ്രസംഗിക്കുന്ന ഭരണകൂടം എന്തേ ഇതില്‍ ഇടപെടാതെ പോയത്. ഇരകളുടെ കുടുംബത്തെ ഏറ്റെടുക്കുകയൊ അവരെ ആശ്വസിപ്പിക്കാനൊ സഹായിക്കാനൊ എന്തുകൊണ്ട് സര്‍ക്കാര്‍ തുനിയുന്നില്ല. ഇത്തരം കൊലയാളികള്‍ ജാമ്യത്തിലിറങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്നത് പൊലിസിന്റെ നിഷ്‌ക്രിയത്വം കൊണ്ടല്ലേ? ഇതാണോ കേരളത്തിന്റെ മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നു പറയുന്ന സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്.
ഫൈസല്‍ വധക്കേസാണെങ്കിലും റിയാസ് മുസ്‌ല്യാര്‍ വധക്കേസാണെങ്കിലും ജിഷ്ണുവിന്റെ കേസാണെങ്കിലും ഇതേ അലംഭാവം സര്‍ക്കാര്‍ തുടരുന്നത് കൊലപാതകികളെ പ്രോത്സാഹിപ്പിക്കലാവില്ലേ? ജിഷ്ണുകേസ് കേരളം മുഴുവന്‍ ഏറ്റെടുത്തപ്പോഴും മറ്റു രണ്ടു കേസുകള്‍ക്കും മാധ്യമ സപ്പോര്‍ട്ടും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സപ്പോര്‍ട്ടും ഇല്ലാതെ പോയതും ജനങ്ങളെ അദ്ഭുതപ്പെടുത്തുന്ന വസ്തുത തന്നെ. ഇത്തരം സംഭവങ്ങള്‍ പള്ളികളിലും മസ്ജിദുകളിലും ക്ഷേത്രങ്ങളിലും അന്തിയുറങ്ങുന്ന പുരോഹിതലക്ഷങ്ങളുടെ സ്വരക്ഷയെ ചോദ്യം ചെയ്യുന്നതല്ലേ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.