2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

Editorial

സര്‍ക്കാര്‍ നിസ്സംഗത വെടിയണം


സംസ്ഥാനത്തെ മൂന്നു സ്വാശ്രയസ്ഥാപനങ്ങള്‍ അതീവഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇടതുസര്‍ക്കാര്‍ ഇതുസംബന്ധിച്ച് അനുവര്‍ത്തിച്ചുവരുന്ന നയം അപലപനീയമാണ്. പ്രമുഖഘടകകക്ഷിയായ സി.പി.ഐയുടെ യുവജനവിഭാഗവും സര്‍ക്കാരിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിട്ടപ്പോഴാണു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങിയത്.

കോട്ടയം മറ്റക്കരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടോംസ് എന്‍ജിനിയറിങ് കോളജിന് പ്രൊഫഷനല്‍ കോളജിനു വേണ്ട യാതൊരു അടിസ്ഥാന സൗകര്യമില്ലാഞ്ഞിട്ടുപോലും ഇത്രയും കാലം പ്രവര്‍ത്തിച്ചുവെന്നത് അതിശയകരം തന്നെ. ഇതുസംബന്ധിച്ച് കേരള സാങ്കേതിക സര്‍വകലാശാല സര്‍ക്കാരിന് ഇപ്പോള്‍ അന്വേഷണ റിപോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇനിയെങ്കിലും ഈ സ്ഥാപനം അടച്ചുപൂട്ടുമെന്നു പ്രതീക്ഷിക്കാം.

പാമ്പാടി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ സംശയമുന്നയിച്ച് സഹപാഠികളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിച്ചിട്ടും ആശാവഹമായ സമീപനമായിരുന്നില്ല ഉണ്ടായത്. ജിഷ്ണുവിന്റെ രക്ഷിതാക്കള്‍ നീതികിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്നു സ്വാശ്രയ കോളജുകള്‍ മൂന്നു വ്യാപാരസ്ഥാപനങ്ങളായാണു പ്രവര്‍ത്തിച്ചുവരുന്നതെന്ന് ഇതിനകം വെളിപ്പെട്ടിരിക്കുന്നു. കച്ചവടലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഈ മൂന്നു സ്ഥാപനങ്ങളും വിദ്യാര്‍ഥികളോടും ജീവനക്കാരോടും ക്രൂരമായാണു പെരുമാറിയിരുന്നത്.

ലാഭം മാത്രം ലക്ഷ്യംവയ്ക്കുന്ന കച്ചവടസ്ഥാപനങ്ങളില്‍നിന്ന് ഇത്തരം സമീപനങ്ങള്‍ മാത്രമേ ഉണ്ടാകൂ. യു.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയമാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാണെന്നു വയ്ക്കാം. അതായിരുന്നല്ലോ ഇടതുപക്ഷത്തിന്റെ ആരോപണം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ആറു മാസമായി. ഈ കാലയളവു പോരേ അക്കാദമിക് സ്ഥാപനങ്ങളെ കച്ചവടവല്‍ക്കരിക്കുന്നതിനെതിരേ നടപടിയെടുക്കാന്‍. ബിസിനസ് ലാഭകരമാക്കാന്‍ മുതലാളിമാര്‍ യു.ഡി.എഫ് വരുമ്പോള്‍ അവര്‍ക്കൊപ്പവും, ഇടതുപക്ഷം വരുമ്പോള്‍ അവര്‍ക്കൊപ്പവും നില്‍ക്കുമെന്നതു സ്വാഭാവികമാണ്.

ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ആത്മഹത്യയായിരുന്നില്ല, കൊന്നതാണെന്നുവരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടു പോലും സത്യസന്ധമായ അന്വേഷണത്തിനു സര്‍ക്കാര്‍ മുതിര്‍ന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ച ഒരാളുടെ ദേഹമൊട്ടാകെ മാരകമായ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടാവുക അവിശ്വസനീയമാണ്. ജിഷ്ണുവിന്റെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നു സാങ്കേതിക സര്‍വകലാശാല ഇപ്പോള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തില്‍നിന്ന് അവര്‍ പിന്മാറിയാല്‍ വൈരനിര്യാതന ബുദ്ധിയോടെ പ്രിന്‍സിപ്പല്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ ഭാവി ജീവിതം നശിപ്പിക്കുംവിധമുള്ള നടപടികളെടുക്കുമെന്നു വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നു. ഇന്റേണല്‍ മാര്‍ക്ക് എന്ന മാരകായുധമാണു പ്രിന്‍സിപ്പല്‍ തനിക്കിഷ്ടമില്ലാത്ത കുട്ടികളുടെ ഭാവി തകര്‍ക്കാന്‍ ഉപയോഗിക്കുന്നതെന്നു പറയപ്പെടുന്നത്. ജാതിപ്പേര് വിളിച്ചും, പരിഹസിച്ചും, അപമാനിച്ചും കുട്ടികളുടെ ആത്മവീര്യം നശിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയപ്പെടുന്ന വ്യക്തിക്ക് എങ്ങനെയാണ് ഒരു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കാനാവുക.

ലോ അക്കാദമിയെ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉപസമിതി കോളജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാനുള്ളതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ലോ അക്കാദമി പോലൊരു സ്ഥാപനത്തില്‍ പ്രിന്‍സിപ്പലാകാനുള്ള യോഗ്യത ലക്ഷ്മി നായര്‍ക്കില്ലെന്ന പരാതിയും അന്വേഷണവിധേയമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില്‍ വര്‍ധനവുണ്ടാക്കാനുദ്ദേശിച്ചു നടപ്പാക്കിയതാണ് ഇന്റേണല്‍ പരീക്ഷ. സ്വാശ്രയ മാനേജ്‌മെന്റുകളില്‍ ചിലത് സാഡിസ്റ്റ് മനോഭാവത്തോടെ വിദ്യാര്‍ഥികളെ നശിപ്പിക്കാനാണ് ഈ പരീക്ഷ ഉപയോഗപ്പെടുത്തുന്നത്.

വോട്ടര്‍മാരെ മോഹിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല തെരഞ്ഞെടുപ്പു വേളയില്‍ ഇമ്പമാര്‍ന്ന മുദ്രാവാക്യമുയര്‍ത്തിയതെന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതയെ ചൂഷകരില്‍നിന്നു രക്ഷിക്കാന്‍കൂടിയായിരുന്നെന്നും വാക്കുകളുടെ പൊരുളറിഞ്ഞായിരുന്നു ‘ഇടതുപക്ഷം വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതെന്നും തെളിയിക്കാനുള്ള ബാധ്യത ഈ സന്ദര്‍ഭത്തിലെങ്കിലും സര്‍ക്കാര്‍ നിറവേറ്റണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.