2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമ്മതിച്ച് കേന്ദ്രം വിദ്യാഭ്യാസ നയത്തിന്റെ കാതല്‍ ഹിന്ദുത്വം തന്നെ

 

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച മതേതര, ജനാധിപത്യ വിശ്വാസികളുടെ ആശങ്ക ശരിവച്ച് കേന്ദ്രസര്‍ക്കാര്‍.
വിദ്യാഭ്യാസ നയത്തിന്റെ കാതല്‍ ഹിന്ദുത്വം തന്നെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമ്മതിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭരണഘടനാ മൂല്യങ്ങളെക്കാള്‍ ഭാരതീയ പാരമ്പര്യ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ നിഷാങ്ക് ആണ് അറിയിച്ചത്.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചിന്തിക്കാനും ആവിഷ്‌കാരത്തിനും വിശ്വാസത്തിനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം, സ്ഥിതിയിലും അവസരത്തിലുമുള്ള സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്തു നടപടികളാണ് വിഭാവനം ചെയ്തതെന്നായിരുന്നു ഉണ്ണിത്താന്റെ ചോദ്യം. ജനാധിപത്യ- മതേതര- ഭരണഘടനാ മൂല്യങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ പാരമ്പര്യത്തില്‍ വേരൂന്നിയ വിദ്യാഭ്യാസമാണ് വേണ്ടതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണത്തിന്റെ കാതല്‍.

രാജ്യത്തെ സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മതേതര- ജനാധിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമോ എന്നതുള്‍പ്പെടെയുള്ള ഉപചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയതുമില്ല. മൂന്നു ചോദ്യങ്ങളാണ് നല്‍കിയിരുന്നതെങ്കിലും ഒറ്റ മറുപടിയായാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്.
പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയത്തിനു രൂപം നല്‍കിയത്. അഭിപ്രായങ്ങള്‍ക്ക് വില നല്‍കാതെയും ആര്‍.എസ്.എസ് താല്‍പര്യം പൂര്‍ണമായും അംഗീകരിച്ചുമാണ് നയം രൂപീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും 480ഓളം പേജുകള്‍ ഉണ്ടായിരുന്ന കരടു നയം പുറത്തിറങ്ങിയപ്പോള്‍ 64 പേജായി ചുരുക്കി.

വിദേശഭാഷാ വിഭാഗത്തില്‍ അറബിയെയും ഇന്ത്യന്‍ ഭാഷയില്‍ നിന്ന് ഉറുദുവിനെയും ബോധപൂര്‍വം തഴഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലകളിലെ യു.ജി.സി, എ.ഐ.സി.ടി.ഇ, എന്‍.എ.എ.സി പോലുള്ള മുഴുവന്‍ റെഗുലേറ്ററി സമിതികളെയും പിരിച്ചുവിട്ട് എല്ലാം ഒറ്റ കുടക്കീഴിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യവും വിദ്യാഭ്യാസത്തിന്റെ സംഘ്പരിവാര്‍വല്‍കരണത്തിന് സഹായം നല്‍കുന്നതാണ്.

ലോകമെമ്പാടും വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍കരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഭാരതവല്‍കരണമാണ് പുതിയ നയം പറയുന്നത്. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരിക്കുക വഴി ഗവേഷണങ്ങളുടെ മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.