2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ അപസ്വരമായി അരുണ്‍ ജെയ്റ്റ്‌ലി


സൗഹാര്‍ദപരമായ ഒരന്തരീക്ഷത്തില്‍ സര്‍വകക്ഷി സമാധാന യോഗം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു അപസ്വരമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്ത് വന്ന് ഇറങ്ങിയത്. കലുഷിതമായ തിരുവനന്തപുരത്തെ തണുപ്പിക്കാനായിരുന്നില്ല ഈ സന്ദര്‍ശനം. സംസ്ഥാനത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരവസാനമുണ്ടാകണമെന്ന് ഏതൊരു മനുഷ്യസ്‌നേഹിയും മനസാആഗ്രഹിച്ചു പോകുന്ന ഒരവസരത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗം പ്രതീക്ഷാ നിര്‍ഭരമായിരുന്നു. ആ ഒരു അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നതായി അരുണ്‍ ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത് കുടുംബത്തോടുള്ള അനുതാപം കൊണ്ടായിരുന്നില്ല. എങ്കില്‍ ഇതിനുമുമ്പും എത്രയോ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും ബി.ജെ.പി കേന്ദ്ര നേതാക്കളോ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരോ കേരളത്തിലെത്തിയിരുന്നില്ല.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഒരു മേശക്ക് ചുറ്റും ഇരുന്ന് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിനിടക്ക് ആക്രമണങ്ങള്‍ക്ക് എണ്ണപകരാനെന്നവണ്ണം കേന്ദ്രമന്ത്രി കേരളത്തിലെത്തിയത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതായില്ല. കേന്ദ്രമന്ത്രി എന്ന നിലക്കായിരുന്നു സന്ദര്‍ശനമെങ്കില്‍ ഇരുവിഭാഗങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കണമായിരുന്നു. അടുത്തിടെ അതിര്‍ത്തിയില്‍ വീരമൃത്യു പ്രാപിച്ച ധീരജവാന്റെ വീട് സന്ദര്‍ശിക്കണമായിരുന്നു. എന്നിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രിയുമായി സംസാരിക്കണമായിരുന്നു. അക്രമങ്ങള്‍ തുടരാതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സമാധാനം കാംക്ഷിക്കുന്നവരില്‍ അത് മതിപ്പുളവാക്കുമായിരുന്നു. അതൊന്നുമുണ്ടായില്ല. വെറും കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഈ വരവ്. കേന്ദ്രമന്ത്രി എല്ലാവരോടും സംസാരിക്കുമ്പോള്‍ മാത്രമെ അതൊരു സമാധാന സന്ദേശ സന്ദര്‍ശനമായി കാണാനാകൂ. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു പ്രകോപനം കൂടിയത്രെ. കേരളം കൊലക്കളമായിരിക്കുന്നുവെന്ന ബി.ജെ.പിയുടെ ദേശീയതലത്തിലുള്ള ദുഷ്പ്രചാരണത്തിന് ആക്കം കൂട്ടാന്‍ വേണ്ടി മാത്രമാണ് അരുണ്‍ ജെയറ്റ്‌ലി കഴിഞ്ഞദിവസം കേരളത്തിലെത്തിയത്. ഇത്തരം ഒരു സന്ദര്‍ശനം ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന മൂഢവിശ്വാസത്തിലായിരിക്കാം ബി.ജെ.പി കേന്ദ്ര നേതൃത്വം അരുണ്‍ ജെയറ്റ്‌ലിയെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടാവുക.
ഒരു കൊലപാതകത്തിന്റെ പേരില്‍ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെങ്കില്‍ നിത്യേനെയെന്നോണം ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും എത്രയെത്ര പേരാണ് പശു ഭീകരരുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നത്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകന്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. ഒരു ഐ.എ.എസ് ഓഫിസറുടെ മകളായിട്ടുപോലും പെണ്‍കുട്ടിക്ക് ബി.ജെ.പി നേതാവിന്റെ പുത്രനില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരുടെ നില എത്ര പരിതാപകരമായിരിക്കും.
മുമ്പൊരിക്കലും കാണാത്തവിധം തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും ഉത്തരേന്ത്യയില്‍ വര്‍ധിച്ചിരിക്കുന്നു. തലസ്ഥാന നഗരിയിലാണ് ഏറ്റവും അധികം പെണ്‍കുട്ടികള്‍ ഈ വര്‍ഷം ബലാല്‍സംഗത്തിനിരയായത്. അത്തരം ഇരകളുടെ വീടുകളൊന്നും കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തിയും എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ചും തകര്‍ത്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിലാണിപ്പോള്‍ അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബി.ജെ.പി. ഇതിലേറ്റവും അവസാനത്തേതാണ് രാജ്യസഭയിലേക്കുള്ള എം.പിമാരുടെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തിന് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍.
ഇത്തരം കുല്‍സിത നീക്കം കേരളത്തില്‍ വിലപ്പോവില്ലെന്നറിയുന്നത് കൊണ്ടാണ് നിരന്തരമായി ആക്രമണങ്ങള്‍ക്ക് ബി.ജെ.പി കോപ്പുകൂട്ടുന്നത്. കേരളത്തിലെ ഭരണകൂടം തകര്‍ത്തെറിയുന്നത് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അനിവാര്യമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ബി.ജെ.പിയുടെ ഈ നിഗൂഢ അജണ്ടകള്‍ക്ക് വളംവച്ചു കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സി.പി.എമ്മില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും ഉണ്ടാകുന്നത്. ഭരിക്കുന്ന കക്ഷി എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സി.പി.എം അതെല്ലാം കളഞ്ഞുകുളിക്കുന്നു. എസ്.എഫ്.ഐക്ക് അല്ലാതെ മറ്റൊരു വിദ്യാര്‍ഥി സംഘടനക്കും നിര്‍ഭയമായി കാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്ന് ഇതര വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. എന്തായാലും ഇപ്പോഴത്തെ സമാധന ചര്‍ച്ച ഫലം കാണട്ടെയെന്നും ഇനിയൊരു രാഷ്ട്രീയ കൊലപാതകം സംഭവിക്കാതിരിക്കട്ടെ എന്നും ആഗ്രഹിച്ചു പോവുകയാണ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.