2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

സമാധാനത്തിലേയ്ക്ക് കശ്മിര്‍ മടങ്ങണം


രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കിയ സര്‍വകക്ഷിസംഘത്തിന്റെ കശ്മിര്‍ ദൗത്യം പരാജയപ്പെട്ടത് സങ്കടകരമാണ് വേണ്ടത്ര ഗൃഹപാഠം നടത്താതെ പോയതിനാലാവാം ദൗത്യം വിഫലമായത്. സര്‍വകക്ഷിസംഘത്തിന്റെ യാത്രയ്ക്കു മുന്‍പ്  വിഘടനവാദികളെ അനുനയിപ്പാന്‍ നീക്കം നടത്തേണ്ടതായിരുന്നു.

കശ്മിരിലെ വിവിധസംഘടനകളുമായും വ്യക്തികളുമായും സംഘം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അതായിരുന്നില്ല ദൗത്യസംഘത്തിനു മുന്‍പിലെ പ്രധാന കടമ. വിഘടനവാദികളെ അനുനയിപ്പിച്ചു മുഖ്യധാരയിലേയ്ക്കു കൊണ്ടുവരികയെന്നതായിരുന്നു. സര്‍ക്കാരിന്റെ ദൗത്യസംഘത്തിന് ഔദ്യോഗികമായി വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നതിനാല്‍ രാജ്‌നാഥ്‌സിങിന്റെ അനുമതിയോടെ സംഘത്തിലെ ഇതരകക്ഷി നേതാക്കള്‍ ഹുര്‍റിയത്ത് കോണ്‍ഫ്രന്‍സ് നേതാക്കളെ സന്ദര്‍ശിച്ചു ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, മുന്നൊരുക്കമില്ലാതെ പോയതിനാല്‍ ഹുര്‍റിയത്ത് നേതാക്കള്‍ നിസ്സഹകരിച്ചു.

കശ്മിരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നം ആളിക്കത്തിക്കാന്‍ ഹുര്‍റിയത്തിന്റെ ഇപ്പോഴത്തെ നിലപാടു കാരണമാകുമോയെന്നു ഭയക്കേണ്ടിയിരിക്കുന്നു. കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ടെങ്കിലും കശ്മിര്‍ സാധാരണനിലയിലേയ്ക്കു വന്നിട്ടില്ല. ഹുര്‍റിയത്തിനെ ചട്ടുകമാക്കി കശ്മിരില്‍ അസ്വസ്ഥതയും അതിര്‍ത്തികളില്‍ സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്‍ തന്ത്രത്തിന്റെ ഭാഗമാണോ ഈ നിസ്സഹകരണമെന്നും സംശയിക്കണം. ഭീകരവാദികളെ സംഘര്‍ഷം സൃഷ്ടിച്ച് ഇന്ത്യയിലേയ്ക്കു കടത്തിവിടാനായിരിക്കും പാകിസ്താന്‍ ശ്രമിക്കുക.

ഹുര്‍റിയത്തിനെ ഇത്തരമൊരു നിലപാടിലേയ്ക്കു തള്ളിവിട്ടതില്‍ ഇന്ത്യയുടെ ഭാഗത്തുള്ള സമീപനപരാജയവും മുഖ്യകാരണമാണ്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനി കഴിഞ്ഞ ജൂലൈ എട്ടിനു സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണു കശ്മിര്‍ അക്രമത്തിലേയ്ക്കു വഴുതിയത്. തുടക്കത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടേണ്ടതായിരുന്നു. ഒരുമാസം കഴിഞ്ഞാണു പ്രധാനമന്ത്രി മൗനംവെടിഞ്ഞത്.

കശ്മിരിനെ മൊത്തത്തില്‍ കലക്കിമറിച്ചതു ബുര്‍ഹാന്‍വാനിയുടെ വധംതന്നെയാണ്. അതിനെത്തുടര്‍ന്നാണു കശ്മിരില്‍ പരക്കെ അക്രമവും സൈന്യത്തിന്റെ വെടിവയ്പ്പുമുണ്ടായത്. എഴുപതിലധികംപേര്‍ മരിച്ചു. പെല്ലറ്റ് ഗണ്‍ പ്രയോഗത്താല്‍  നിരവധി ചെറുപ്പക്കാര്‍ക്കു കാഴ്ചനഷ്ടമാകുകയും മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു. കശ്മിര്‍ ജനതയെ ഇന്ത്യയില്‍നിന്നു കൂടുതല്‍ അകറ്റിക്കൊണ്ടിരിക്കുന്ന നടപടികള്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായപ്പോള്‍ പ്രശ്‌നം സങ്കീര്‍ണമായി.

ഇതോടൊപ്പം, കശ്മിരിന്റെ പ്രത്യേകപദവി നിലനിര്‍ത്തുന്ന 370 ാം വകുപ്പു ദുര്‍ബലപ്പെടുത്തുംവിധമുള്ള വിധിപ്രസ്താവം ജൂലൈ 19നു  സുപ്രിംകോടതിയില്‍ നിന്നുണ്ടായി. ഇതെല്ലാം പ്രക്ഷുബ്ധാവസ്ഥയ്ക്കു വഴിതെളിച്ചു. വൈകിയുദിച്ച വിവേകത്തെത്തുടര്‍ന്നണു കശ്മിരിലേയ്ക്കു സര്‍വകക്ഷിസംഘത്തെ അയയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനമുണ്ടായതുതന്നെ കശ്മിരിലെ പ്രതിപക്ഷകക്ഷികള്‍ ന്യൂഡല്‍ഹിയില്‍ച്ചെന്നു പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിച്ച് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. വളരെവൈകി സര്‍ക്കാര്‍ സമാധാനശ്രമങ്ങള്‍ക്കു തുടക്കംകുറിക്കുമ്പോഴേയ്ക്കും കശ്മിര്‍ജനതയിലൊരുവിഭാഗം ഇന്ത്യയോട് അകലുന്ന മനോഭാവത്തിലെത്തിയിരുന്നു. അവരെ തിരികെക്കൊണ്ടുവരികയെന്നതാണു പരമപ്രധാനം.

പാകിസ്താന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടല്‍ കശ്മിര്‍ ജനതയില്‍ അന്യതാബോധത്തിന് ആക്കംകൂട്ടുന്നുണ്ട്. ഈ അവസരമാണിപ്പോള്‍ ഹുര്‍റിയത്ത് ഉപയോഗപ്പെടുത്തുന്നത്. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. യു.എന്‍ അസംബ്ലിയില്‍ ഇന്ത്യന്‍പ്രതിനിധിയായി പങ്കെടുത്ത മുസ്‌ലിംലീഗ് നേതാവ് ഇ അഹമ്മദ് ഇത് ആവര്‍ത്തിച്ചുപറഞ്ഞതാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ അത്യുല്‍ക്കടമായി ആഗ്രഹിക്കുന്നതും അതാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് ഇത് അസന്നിഗ്ധമാംവിധം വ്യക്തമാക്കിയതുമാണ്. ഇന്ത്യയില്‍നിന്നു കശ്മിര്‍കൂടി വേര്‍പ്പെട്ടുപോകുന്നതോടെ ഇന്ത്യയിലെ മുസ്്‌ലിംകള്‍ കൂടുതല്‍ ന്യൂനപക്ഷമാകുമെന്നും ആ വിപത്ത് തടയപ്പെടേണ്ടതുണ്ടെന്നും കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി എന്നെന്നും നിലനില്‍ക്കേണ്ടതാണെന്നുമുള്ള ഇസ്്മാഈല്‍ സാഹിബിന്റെ വാക്കുകള്‍ പിന്തുടരുന്നവരാണ് ഇന്ത്യയിലെ മുസ്്‌ലിംകള്‍.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കശ്മിരില്‍ സൈന്യത്തിന്റെ അസ്ഫ്പ പ്രയോഗവും നിരപരാധികള്‍ക്കുനേരെയുള്ള കണ്ണില്‍ചോരയില്ലാത്ത പീഡനങ്ങളും അറസ്റ്റുകളും റെയ്ഡുകളും ജനതയെ ഇന്ത്യയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് ഇന്ത്യക്കുണ്ടായ നയതന്ത്രപാളിച്ചകളും കശ്മിരിലെ സംഘര്‍ഷത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്താനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെകൂടെ ഇന്ത്യാഗവണ്‍മെന്റ് ഉണ്ടാകുമെന്നു പറയുകയുംചെയ്തതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുവാനേ ഉപകരിച്ചുള്ളൂ. പാകിസ്താന്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കശ്മിര്‍പ്രശ്‌നത്തിനു പകരമായി ബലൂചിസ്താന്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ വിജയം കണ്ടില്ല. പാകിസ്താന്‍ ബലൂചിസ്താനില്‍ കൂടുതല്‍ കര്‍ക്കശനിലപാടു സ്വീകരിച്ചതോടൊപ്പം കശ്മിരില്‍ സംഘര്‍ഷത്തിന് എരിവുപകരുകയും ചെയ്തു. അതിര്‍ത്തികളില്‍ പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നത് പാകിസ്താന്‍ പതിവാക്കി.
ഇതിനിടയിലുണ്ടായ ഇന്ത്യ-യു.എസ് സൈനികകരാര്‍ കൂടുതല്‍ ആപത്തു വിളിച്ചുവരുത്തി. ചേരിചേരാനയത്തില്‍നിന്നു വ്യതിചലിച്ച് അമേരിക്കയോടു ദാസ്യമനോഭാവം കാണിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്തകാലത്ത് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. സൈനികമേഖലയില്‍ ലോജസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം എഗ്രിമെന്റില്‍ (എന്‍.ഇ.എം.ഒ.എ) ഇന്ത്യ ഒപ്പുവച്ചതു വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയത്. അമേരിക്കന്‍ നാവികവ്യോമസേനകള്‍ക്ക് ഇന്ത്യ താവളമാക്കാനും ഇന്ത്യയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുവാനും ഇതരസൈനികസൗകര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന കരാര്‍ അതിര്‍ത്തിരാജ്യങ്ങളായ പാകിസ്താനും ചൈനയും നോക്കിനില്‍ക്കുകയായിരുന്നില്ല.

മറുപടിയായി ചൈനയുമായി സുരക്ഷാകരാറിനു പാക് മന്ത്രിസഭ അനുമതി നല്‍കിക്കഴിഞ്ഞു. ഇതുവഴി ചൈനക്ക് മേഖലയില്‍ സ്വാധീനമുറപ്പിക്കുവാന്‍ കഴിയും. കശ്മിര്‍ ചൈനയ്ക്ക് താവളമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ സംബന്ധിച്ച് എന്നെന്നും മേഖലയില്‍ സുരക്ഷാഭീഷണിയായിരിക്കും. ഇത്തരമൊരു സാധ്യതക്കായി ചൈനയും പാകിസ്താനും സംയുക്തമായി നടത്തുന്ന നിഗൂഢപ്രവര്‍ത്തനങ്ങളാണു കശ്മിരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെന്നു കരുതേണ്ടിയിരുക്കുന്നു. ഹുര്‍റിയത്തിനെ ഇതിനായി പാകിസ്താന്‍ ചട്ടുകമാക്കുകയാണെന്നു വേണം കരുതാന്‍.
ഇന്ത്യ നല്‍കുന്ന സുരക്ഷിതത്വം പാകിസ്താനില്‍നിന്നോ ചൈനയില്‍നിന്നോ കിട്ടുകയില്ലെന്നു ഹുര്‍റിയത്ത് ഓര്‍ക്കണം. പാകിസ്താനെന്നും കശ്മിര്‍ ജനത അന്യരായിരിക്കും. നാശത്തിന്റെ കുഴിതോണ്ടുന്നതില്‍നിന്നു പിന്‍വാങ്ങി ഹുര്‍റിയത്ത് സമാധാനത്തിന്റെ പാതയിലേയ്ക്കു തിരികെ വരണം. കശ്മിരിനു വേണ്ടതു സമാധാനമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.