അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: സംസ്ഥാനത്ത് പി.എസ്.സി വഴി അടക്കം സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചവരില്‍ കെ.ടെറ്റ് യോഗ്യതയില്ലാതെ ജോലി ചെയ്യുന്നത് 4,187 അധ്യാപകര്‍. നിരവധി തവണ അവസരം നല്‍കിയിട്ടും സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന 1,017 പേര്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ 3,170 അധ്യാപകരുമടക്കം 4187 പേര്‍ക്ക് ഇതുവരെ കെ.ടെറ്റ് (കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടാനായിട്ടില്ല. നിലവില്‍ അനുവദിച്ച അവസാന അവസരവും കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് പ്രൊബേഷന്‍ ഡിക്ലറേഷനും ഇന്‍ക്രിമെന്റും ലഭിക്കില്ല.
സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനടക്കം കെ.ടെറ്റ് യോഗ്യത നിര്‍ബന്ധമുള്ളപ്പോഴാണ് നേരത്തെ നിയമനം നേടിയ അധ്യാപകര്‍ ഇതില്ലാതെ ജോലി ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 2012ല്‍ കെ.ടെറ്റ് നിര്‍ബന്ധമാക്കിയത്. 2018 വരെ കെ.ടെറ്റ് എഴുതി എടുക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിനിടെ 2017 മാര്‍ച്ച് മുതല്‍ പി.എസ്.സി അധ്യാപക യോഗ്യതക്ക് കെ.ടെറ്റ് നിര്‍ബന്ധമാക്കി.
കെ.ടെറ്റ് എഴുതി എടുക്കാന്‍ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ രംഗത്തെത്തിയതോടെ വീണ്ടും സമയപരിധി 2019 മാര്‍ച്ച് വരെ നല്‍കിയിരുന്നു. പിന്നീട് കൊവിഡ് വന്നതോടെ 2020-21 അധ്യയന വര്‍ഷം അവസാനം വരെ വീണ്ടും നീട്ടില്‍കി.
എന്നിട്ടും 4187 പേര്‍ക്ക് ഇതുവരെ കെ.ടെറ്റ് യോഗ്യത നേടാനായില്ല. കെ.ടെറ്റോ സമാനമായ കേന്ദ്രസര്‍ക്കാറിന്റെ സി.ടെറ്റോ ഇല്ലാത്തവര്‍ക്ക് ജോലിയില്‍ പ്രൊബേഷന്‍ ഡിക്ലറേഷനും ഇന്‍ക്രിമെന്റും തടയുമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് 4187 അധ്യാപകര്‍ക്ക് ഇവ നഷ്ടമാകും.
Comments are closed for this post.