2023 March 29 Wednesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സമന്വയ സ്ഥാപനങ്ങളെ പരിഷ്കരിക്കണം ;

സാമുദായിക വിദ്യാഭ്യാസം വിചാരണകൾക്ക് വിധേയമാക്കുന്ന എസ്.വി മുഹമ്മദലിയുടെ ലേഖന പരമ്പര പഠനാർഹമാണ്. വിദ്യാഭ്യാസമേഖലയിൽ എക്കാലത്തും കാലിക മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുസ്‌ലിമായി ജീവിക്കാനാവശ്യമായ മതവിദ്യ നേടൽ എല്ലാ മുസ് ലിമിനും നിർബന്ധമാണ്. മതവിധി നൽകാനും ഇസ്‌ലാമിനെ വിശദീകരിക്കാനും കഴിവ് നേടിയവരെ വാർത്തെടുക്കൽ സാമൂഹിക ബാധ്യതയുമാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിർണയിക്കാതെ പരിഷ്‌കരണത്തെക്കുറിച്ച് ചിന്തിക്കുന്നതിലർഥമില്ല. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതിയാണ്. ഭൗതിക നേട്ടത്തിനുവേണ്ടി മതവിദ്യ നേടുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ കുറ്റകരമാണ്. ഈ ലക്ഷ്യസാക്ഷാൽക്കാരത്തിനു വേണ്ടിയാണ് പള്ളിദർസുകളും തത്തുല്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. അവിടങ്ങളിൽ നൽകപ്പെടുന്ന ഭൗതിക വിദ്യാഭ്യാസം മതസേവന രംഗത്ത് ഉപയോഗപ്പെടുത്താൻ വേണ്ടിയാണ്.
ആത്മസംസ്‌കരണത്തിന്റെ അടിത്തറയിലാണ് മതവിദ്യ പകർന്നുനൽകേണ്ടത്. സൂക്ഷ്മതയും പക്വതയുമുള്ള സേവന സന്നദ്ധരായ പണ്ഡിതർ വളർന്നുവരാൻ ഇതനിവാര്യമാണ്. പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കുന്നില്ലെങ്കിൽ നേടിയ വിജ്ഞാനം ഉപകരിച്ചിട്ടില്ലെന്ന് മനസിലാക്കാം. അതിനാൽ കാലികമായി മാറ്റേണ്ടതിനെ മാത്രം മാറ്റിയും അല്ലാത്തവയെ അതേപടി നിലനിർത്തുകയും വേണം.

ഭൗതികവിദ്യ നേടാൻ മറ്റു സമുദായങ്ങളെപ്പോലെ മുസ്്ലിംകളും പരമാവധി പൊതുസംവിധാനം ഉപയോഗപ്പെടുത്തേണ്ടതാണ്. അവർക്ക് രാജ്യസേവനത്തിന് വേണ്ട പരിശീലനം കൂടി ലഭിച്ചാൽ സാമുദായിക പ്രാതിനിധ്യം ഉദ്യോഗതലങ്ങളിൽ വർധിപ്പിക്കാൻ കഴിയും. അതേസമയം സമുദായത്തിൽ മതബോധമുള്ള ശാസ്ത്രജ്ഞന്മാരുണ്ടാവണമെങ്കിൽ സമന്വയ സ്ഥാപനങ്ങൾ കാലികമായി പരിഷ്‌കരിക്കേണ്ടതുണ്ട്.

അബ്ദുറഹ്മാൻ ഫൈസി അരിപ്ര

 

പുനർവിചിന്തനം തേടുന്ന വിദ്യാഭ്യാസ പരീക്ഷണങ്ങൾ

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ വിദ്യാഭ്യാസ രംഗം ഏറെ ഉടച്ചുവാർക്കലുകൾക്ക് തയാറായിക്കൊണ്ടിരിക്കുമ്പോൾ മുസ്‌ലിം വിദ്യാഭ്യാസത്തെക്കുറിച്ച് എസ്.വി മുഹമ്മദലി സുപ്രഭാതത്തിൽ തുടങ്ങിവെച്ച ചർച്ച എന്തുകൊണ്ടും ശ്രദ്ധേയമായി. എന്നാൽ, മുസ്‌ലിം പൊതുവിദ്യാഭ്യാസത്തിനു പകരം ഇസ്‌ലാമിക മതവിദ്യാഭ്യാസരംഗത്തെ സമകാലിക പ്രവണതകളും അവ ഉയർത്തുന്ന ആശങ്കളും പങ്കുവയ്ക്കാനാണ് ലേഖകൻ തുനിഞ്ഞത്. ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് മുസ്‌ലിം വിദ്യാഭ്യാസവും ഇസ്‌ലാമിക മതവിദ്യാഭ്യാസവും രണ്ടായി തന്നെ വിശകലനവിധേയമാക്കേണ്ടതാണെന്നതിൽ തർക്കമില്ല.

കേരളത്തിലെ മതവിദ്യാഭ്യാസരംഗം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായി ലേഖകൻ കാണിക്കുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യത്യമായ ലക്ഷ്യമില്ലായ്മയും ആവശ്യത്തിൽ കൂടുതലായ പെരുപ്പവുമാണ്. അതുപോലെ സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന് വരുന്ന വൻ സ്വീകാര്യതയും. പാരമ്പര്യ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ആധുനികവത്കരണത്തിന്റെ ഭാഗമായി ദഅ്‌വാ കോളജുകളും അഫ്‌ലിയേറ്റഡ് കോളജുകളുള്ള ജാമിഅകളുമായപ്പോൾ ദഅവീരംഗം ഏറെ തിരസ്‌കരിക്കപ്പെട്ടോ എന്ന ലേഖകന്റെ ആശങ്കയും സമന്വയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഭൗതിക വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നൽകപ്പെടുന്നോ എന്ന സംശയവും എത്രമാത്രം പ്രസക്തമാണെന്ന് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തു നടന്നുകൊണ്ടിരിക്കുന്ന പുതിയ പരീക്ഷണങ്ങളുടെ ഫലമായി വികസിതമായിക്കൊണ്ടിരിക്കുന്ന ദഅവീ മേഖലകളും മതപണ്ഡിതരുടെ വ്യത്യസ്ത മേഖലകളിലെ ദൃശ്യതയും കാണാതിരുന്നു കൂടാ.

പുതിയ പരീക്ഷണങ്ങളുടെ ഗുണഫലങ്ങളെ വേണ്ടവിധം വിമർശനവിധേയമാക്കുന്നില്ലെങ്കിലും കേരളത്തിലെ മുസ്‌ലിം ഉന്നത മതവിദ്യാഭ്യാസത്തിൽ തത്വദീക്ഷയില്ലാതെ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഗൗരവത്തോടെ സമീപിക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെയും സമുദായ നേതൃത്വത്തെയും പ്രേരിപ്പിക്കുന്നതാണ് ലേഖനം എന്നു പറയാതെ വയ്യ. ഈ ദിശയിൽ കൂടുതൽ വ്യക്തതയുള്ള ആലോചനകളും ആഴത്തിലുള്ള ചർച്ചകളും നടക്കേണ്ടതുണ്ട്.

ഡോ. ഫൈസൽ ഹുദവി മാരിയാട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.