2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഭ വെട്ടിച്ചുരുക്കാനുള്ള സർക്കാർനീക്കം വെട്ടി പ്രതിപക്ഷം

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കെ.കെ രമയ്‌ക്കെതിരേ എം.എം മണി നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ പ്രതിഷേധത്തെ നിയമസഭയിൽ അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം മണത്തറിഞ്ഞതോടെ മറുവെട്ട് വെട്ടി പ്രതിപക്ഷം. കഴിഞ്ഞ രണ്ടുദിവസമായി പ്രതിപക്ഷം നിയമസഭയിൽ ശക്തമായ പ്രതിഷേധിച്ചിരുന്നു.
ഇതേ തുടർന്ന് വെള്ളിയാഴ്ച പത്തുമിനിട്ട് മാത്രമാണ് സഭ ചേരാൻ കഴിഞ്ഞത്. ഇന്നലെ വീണ്ടും മണി മാപ്പു പറയണമെന്ന ആവശ്യം ഉന്നയിച്ച് ബഹളം വച്ച് സഭ സ്തംഭിപ്പിച്ചാൽ ഗില്ലറ്റ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിരുന്നു. നിലവിൽ വ്യാഴാഴ്ച വരെയാണ് സഭ കൂടുന്നത്. ഇതിനിടയിൽ മിൽമ ഓർഡിനൻസ് ഉൾപ്പെടെ ചർച്ച കൂടാതെ പാസാക്കി പിരിയാനാണ് തീരുമാനിച്ചിരുന്നത്.

പതിവുപോലെ ഇന്നലെ രാവിലെ പ്ലക്കാർഡുമായി എത്തിയ പ്രതിപക്ഷം ഈ വിവരം അറിയുകയും പെട്ടെന്ന് നിലപാട് മാറ്റുകയും ചെയ്യുകയായിരുന്നു. ഇന്നലെ ചോദ്യോത്തര വേളയിൽ പ്ലക്കാർഡുകൾ തങ്ങളുടെ ഇരിപ്പിടത്തിനു മുന്നിൽവച്ച് മൗനമായ പ്രതിഷേധം രേഖപ്പെടുത്തി. സഭ തുടങ്ങുന്നതിനു മുമ്പ് നടന്ന പ്രതിപക്ഷ പാർലമെന്ററി യോഗത്തിൽ സഭ തടസപ്പെടുത്താതെ അവസരം വരുമ്പോൾ പ്രതികരിക്കാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രതിപക്ഷം ശബ്ദം ഉയർത്തിയാൽ നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ പിരിയാനുള്ള ഗൂഢാലോചന സർക്കാർ നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാർലമെന്ററി യോഗത്തിൽ പറഞ്ഞു. സഭ അവസാനിപ്പിച്ചാൽ സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാകും. സ്വർണക്കടത്ത് ആരോപണം ഉണ്ടായതിന് പിന്നാലെ സർക്കാർ പുതിയ വിവാദങ്ങളുണ്ടാക്കുകയാണ്. തുടർച്ചയായി സഭ സ്തംഭിപ്പിച്ചാൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകും. ചർച്ച നടത്താതെ രക്ഷപ്പെടാനുള്ള വഴി സർക്കാരിന് ഒരുക്കിക്കൊടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചത്.
ശൂന്യവേളയിൽ പ്രതിപക്ഷം വൈദ്യുതി ചാർജ് സംബന്ധിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. ഇത് മുൻ വൈദ്യുതി മന്ത്രി കൂടിയായ എം.എം മണിയെ ലക്ഷ്യംവച്ചാണ് എന്ന് ഭരണപക്ഷത്തെ ചിലർ കരുതിയിരുന്നെങ്കിലും ചോദ്യോത്തര വേളയിൽ എം.എം മണിയുടെ ചോദ്യവും പ്രതിപക്ഷം തടസപ്പെടുത്തിയില്ല. ശൂന്യവേള കഴിഞ്ഞ് ധനാഭ്യാർഥന ചർച്ചയിലാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.