
തൃശൂര്‍: സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ രാഷ്ട്രീയമുണ്ടെന്നു കരുതുന്നില്ല. സഭാതര്‍ക്കം ഗൗരവമായ വിഷയമാണ്. ക്രമസമാധാന പ്രശ്നമുള്ള അത്തരമൊരു കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ തെറ്റില്ല.
കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ എക്കാലത്തും സഹായിച്ചവര്‍ എല്‍.ഡി.എഫിനോട് അടുത്തുവെന്നും ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്ക് പറ്റിയവരല്ലാത്തതിനാലാണ് അവരെ വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ എല്ലാവരും പ്രതീക്ഷ പുലര്‍ത്തുന്നുവെന്നാണ് കേരള പര്യടനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ അടിവരയിടുന്നത്.
തൃശൂര്‍ കുതിരാനിലെ ഒരു ടണല്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് നാഷനല്‍ ഹൈവേ അതോറിറ്റി പറഞ്ഞിട്ടുള്ളത്. കരാറുകാരുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുപ്പുകള്‍ നടത്തുകയാണ്. പാലാ സീറ്റ് മാണി സി. കാപ്പന് കൊടുക്കുമെന്ന് പറയാനുള്ള അവകാശം പി.ജെ ജോസഫിന് പാര്‍ട്ടി കൊടുത്തിട്ടുണ്ടാകുമെന്നും അതു ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ എ.സി മൊയ്തീന്, അഡ്വ. വി.എസ് സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.