2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സപ്ലൈകോയില്‍ ‘സ്ഥിരം’ ഡ്രൈവര്‍മാര്‍ക്ക് അയിത്തം, 12 വര്‍ഷമായി ഒരു നിയമനം പോലുമില്ല

ഷഫീഖ് മുണ്ടക്കൈ

 
 
 
രാഷ്ട്രീയ ഇടപെടല്‍ കാരണം ക്രമക്കേടുകള്‍ക്കെതിരേ നടപടിയെടുക്കുന്നില്ല
 
കല്‍പ്പറ്റ: ഒഴിവുകളുണ്ടെങ്കിലും 12 വര്‍ഷമായി സ്ഥിരം ഡ്രൈവര്‍ നിയമനം നടത്താതെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍. നിയമനം സംബന്ധിച്ച് ഉത്തരവുകളും കത്തുകളും നിര്‍ദേശങ്ങളും മുറപോലെ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും സ്ഥിരം നിയമനം നടത്താതെ ‘താല്‍കാലിക’രെ കൊണ്ടു മാത്രം ഓടുകയാണ് കോര്‍പറേഷന്‍. 
ആകെയുള്ള 108 വാഹനങ്ങളില്‍ 55 സ്ഥിരം നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഒരാളെ നിയമിച്ചതൊഴിച്ചാല്‍ ബാക്കി 52 പേരും താല്‍കാലിക ഡ്രൈവര്‍മാരാണ്. ഇതിനിടയില്‍ സപ്ലൈക്കോ ഡിപ്പോകളിലെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സ്ഥിരം നിയമനം നടക്കുന്നത് വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാവശ്യപ്പെടുന്ന രണ്ടു ഉത്തരവുകള്‍ വന്നെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. നിരന്തര പരാതികളെ തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സപ്ലൈക്കോ ഹെഡ് ഓഫിസ് അഡീഷനല്‍ ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതിലും ബന്ധപ്പെട്ടവര്‍ അലംഭാവം തുടരുകയാണ്. 
2007ന് ശേഷം വകുപ്പില്‍ ഡ്രൈവര്‍മാരുടെ നിയമനം നടന്നിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കോര്‍പറേഷനില്‍ വര്‍ഷങ്ങളായി നിയമനം നടക്കാത്തതെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.
രാഷ്ട്രീയ സ്വാധീനത്തില്‍ കയറിക്കൂടുന്ന താല്‍കാലിക ജീവനക്കാരില്‍ ചിലരുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡിപ്പോ മാനേജര്‍മാര്‍ തന്നെ സ്ഥിരം നിയമനമോ, എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട്  ഇക്കഴിഞ്ഞ ജൂണില്‍ റീജ്യനല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയെങ്കിലും ഇതിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. വയനാട്ടില്‍ ക്രമക്കേടുകള്‍ കാണിച്ച താല്‍കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുത്തിട്ടും രാഷ്ട്രീയ ഇടപെടല്‍ കാരണം നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥിരം നിയമനം നടത്താതെ മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ വകുപ്പ് ഭരിക്കുന്നവരുടെ ഇഷ്ടത്തിനൊത്ത് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതാണ് വകുപ്പിലെ പതിവ് രീതി. 
ഭരണമാറ്റത്തിനനുസരിച്ച് യൂനിയന്‍ മാറി ജോലി തുടരുന്നവരുമുണ്ട്. യൂനിയന്‍ മാറ്റത്തിന് സന്നദ്ധരല്ലാത്തവരെ പിരിച്ചുവിട്ട് ഭരണാനുകൂലികളെ തിരുകി കയറ്റും. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കുമ്പോഴാണ് വര്‍ഷങ്ങളായി സ്ഥിരം നിയമനം നടത്താതെ വകുപ്പിലെ 50 ശതമാനത്തോളം ഡ്രൈവര്‍ തസ്തികകളില്‍ താല്‍കാലിക നിയമനം മാത്രം നടക്കുന്നത്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.