2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സന്തോഷ് ട്രോഫി ഒരുക്കങ്ങൾ പൂർത്തിയായി

മലപ്പുറം
സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പ്ഘട്ടത്തിൽ ഒരു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലെത്തും. ഈ മത്സരങ്ങളിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.

കോട്ടപ്പടി സ്റ്റേഡിയത്തിൽ പകൽ മാത്രമാണ് മത്സരങ്ങൾ. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8ന് തുടങ്ങും. കോട്ടപ്പടിയിൽ രാവിലെ 9.30 നും വൈകിട്ട് 4 നും മത്സരം നടക്കും. മെയ് 2ന് രാത്രി 8ന് പയ്യനാടാണ് ഫൈനൽ.ടൂർണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ മൂന്നു മാസം മുമ്പ് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു. നവീകരണത്തിലൂടെ സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും മത്സരം നടത്താൻ അനുയോജ്യമാക്കി. രണ്ട് മൈതാനങ്ങളും നല്ല നിലവാരമുള്ളതാണെന്ന് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി. രണ്ട് സ്റ്റേഡിയങ്ങളിലും ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങളും മീഡിയ, വി.ഐ.പി, വി.വി.ഐ.പി പവലിയനുകളും ടെലിക്കാസ്റ്റിങ്ങ് ടവറുകളും ഒരുക്കിയിട്ടുണ്ട്.

ഫൈനലും സെമിഫൈനലുകളും നടക്കുന്ന പയ്യനാട് വിപുലമായ പാർക്കിങ്ങ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ടീമുകൾക്ക് പരിശീലനത്തിനായി നിലമ്പൂർ മാനവേദൻ സ്‌കൂൾ ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മത്സരവേദികളുടെ ചുമതല ജില്ലാ സ്‌പോട്‌സ് കൗൺസിലിനാണ്. മത്സരങ്ങളുടെ ടിക്കറ്റ് വിതരണത്തിന് ഓൺലൈൻ ടിക്കറ്റിങ്ങ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. മഞ്ചേരിയിൽ ആറ് കൗണ്ടറുകളും കോട്ടപ്പടിയിൽ രണ്ട് കൗണ്ടർ വഴിയും ടിക്കറ്റ് നേരിട്ട് വാങ്ങാം. സീസൺ ടിക്കറ്റുകൾ തെരഞ്ഞെടുത്ത സഹകരണ ബാങ്കുകൾ വഴി വിൽപ്പന നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.