2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സന്തോഷത്തിന്റെ നിര്‍മാതാവ്

മുജീബ് തങ്ങള്‍ കൊന്നാര്

ക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2020 പ്രകാരം ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും അറബ് രാജ്യങ്ങളില്‍ യു.എ.ഇ ഒന്നാംസ്ഥാനം നിലനിര്‍ത്തി. യു.എന്നിന്റെ എസ്.ഡി.എസ്.എന്‍ പ്രതിവര്‍ഷം പുറത്തിറക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ സഊദി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളെ മറികടന്നാണ് യു.എ.ഇ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
2020ലെ റിപ്പോര്‍ട്ടില്‍ നഗരങ്ങളിലെ സന്തോഷത്തിന്റെ തോത് കണക്കാക്കുന്ന ‘സിറ്റീസ് ഹാപ്പിനസ് ഇന്‍ഡക്‌സ്’ പ്രകാരം അറബ് മേഖലയിലെ ഏറ്റവും സന്തോഷകരമായ നഗരങ്ങള്‍ അബൂദബിയും ദുബൈയുമാണ്. നഗരവാസികളുടെ സന്തോഷവും ജീവിതവും വിലയിരുത്തി ലോകമെമ്പാടുമുള്ള 186 നഗരങ്ങളില്‍ നിന്നാണ് യു.എ.ഇയിലെ നഗരങ്ങള്‍ മുന്നിലെത്തിയത്.
ഇത്തരം സന്തോഷമുള്ള ജനങ്ങളെയും നഗരങ്ങളേയും വാര്‍ത്തെടുത്ത ഭരണാധികാരി എന്ന നിലയ്ക്ക് ചരിത്രകാരനായ ജമാല്‍ സനദ് അല്‍ സുവൈദി ശൈഖ് ഖലീഫയെ വിശേഷിപ്പിച്ചത് ഏറ്റവും നല്ല സന്താഷത്തിന്റെ നിര്‍മാതാവ് എന്നാണ്.

ശൈഖ് ഖലീഫ മസ്ജിദ്

ശൈഖ് ഖലീഫയുടെ ജന്മദേശമായ അല്‍ഐനിലെ ശൈഖ് ഖലീഫ ഗ്രാന്റ് മസ്ജിദ് 2021 ഏപ്രില്‍ 12നാണ് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. അല്‍ഐന്‍ നഗരത്തിലെ ഏറ്റവും വലിയ ജുമാമസ്ജിദ് എന്ന പദവി ഈ പള്ളിക്ക് അവകാശപ്പെട്ടതാണ്. 2013ലാണ് തന്റെ പേരിലുള്ള പള്ളി യു.എ.ഇയുടെ ഉദ്യാനനഗരമായ അല്‍ഐന്‍ നഗരത്തില്‍ നിര്‍മിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയത്.
യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിനെ പോലെ തന്നെ അത്യാധുനിക വാസ്തുശില്‍പ കലകള്‍ കൊണ്ട് സമ്പന്നമാണ് ഖലീഫ ഗ്രാന്റ് മസ്ജിദ്. പ്രൗഢിനിറഞ്ഞതും നയനമനോഹരവുമായ താഴികക്കുട(ഖുബ്ബ)മാണ് ഈ പള്ളിയുടെ പ്രധാന സവിശേഷത. യു.എ.ഇയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ താഴികക്കുടമാണ് ഖലീഫ മസ്ജിദിന്റേത്. പ്രധാന പ്രാര്‍ഥനാഹാള്‍ ഈ ഖുബ്ബയ്ക്കകത്താണ്. 25 മീറ്റര്‍ ഉയരമുള്ള ഖുബ്ബയുടെ ബാഹ്യഭാഗത്ത് സ്വര്‍ണവര്‍ണത്തില്‍ കാണുന്ന ഖുര്‍ആന്‍ വചനങ്ങളുടെ കലിഗ്രഫി ആകര്‍ഷകമാണ്. കലിഗ്രഫികൊണ്ട് അലംകൃതമായ ലോകത്തിലെ അപൂര്‍വം മസ്ജിദുകളില്‍ ഒന്നാണിത്.
ഖുബ്ബയ്ക്ക് താഴെ മാത്രം 5,200 പേര്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. 1,68,820ചതുരശ്ര അടിയില്‍ സംവിധാനിച്ച ഈ പള്ളിയില്‍ 20,000ത്തിലധികം ആളുകള്‍ക്ക് ഒരേസമയം നിസ്‌കരിക്കാം. അംബരചുംബികളായ 60 മീറ്റര്‍ ഉയരമുള്ള നാലു മിനാരങ്ങള്‍ ഈ പള്ളിയുടെ പ്രൗഢി വര്‍ധിപ്പിക്കുന്നു. ഖുബ്ബ പോലെ തന്നെ മസ്ജിദിന്റെ പ്രധാന ആകര്‍ഷണമാണ് തലയുയര്‍ത്തിനില്‍ക്കുന്ന ഈ മിനാരങ്ങളും. അബ്ബാസിയ കാലഘട്ടത്തില്‍ ഇറാഖില്‍ പണിതുയര്‍ത്തിയ സമാറായിലെ മിനാരങ്ങളുമായി ഒരു സാമ്യം ഖലീഫ മസ്ജിദിലെ മിനാരങ്ങള്‍ക്കുണ്ട്. 600 ദശലക്ഷം ദിര്‍ഹമാണ് ഈ പള്ളിയുടെ നിര്‍മാണച്ചെലവ്.

ബുര്‍ജ് ഖലീഫ

ശൈഖ് ഖലീഫയുടെ പേര് അനശ്വരമാക്കി തലയുയര്‍ത്തി നില്‍ക്കുകയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. 829.8 മീറ്റര്‍ (2,722 അടി) ഉയരമാണ് ഈ ടവറിനുള്ളത്. 2004 ജനുവരി 6നാണ് ഈ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 2009 ഒക്ടോബര്‍ 1ന് ബുര്‍ജ് ഖലീഫയുടെ പണി പൂര്‍ത്തിയായി. 150 കോടി യു.എസ് ഡോളര്‍ ആണ് ഇതിന്റെ നിര്‍മാണച്ചെലവ്.
ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഈ കെട്ടിടത്തിന് ബുര്‍ജ് ദുബൈ എന്നായിരുന്നു പ്രഥമഘട്ടത്തില്‍ പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 2010 ജനുവരി 4ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജിന് പ്രസിഡന്റിനോടുള്ള ബഹുമാനാര്‍ഥം ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.