വിടവാങ്ങല്‍ പ്രസംഗത്തിലൂടെ ഡോ. ഹാമിദ് അന്‍സാരി നടത്തിയ പ്രസംഗം രാജ്യംനേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ ഒരവസ്ഥയെ അനാഛാദനം ചെയ്യുന്നതാണ്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തെ വിചാരണചെയ്യുന്നു ഉപരാഷ്ട്രപതിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം. അതില്‍ അസഹ്യത പ്രകടിപ്പിച്ചതുകൊണ്ടു സത്യം സത്യമല്ലാതാകുന്നില്ല.
ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ മുസ്ലിംകള് അരക്ഷിതാവസ്ഥയിലാണെന്നതില് ആര്‍ക്കാണു സംശയമുള്ളത്. അത്തരമൊരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഹാമിദ് അന്‍സാരിക്കെതിരേ കടുത്തരോഷപ്രകടനം നടത്തുന്നവര്‍ യഥാര്‍ഥത്തില്‍ ആത്മപരിശോധന നടത്തുകയാണു വേണ്ടത്. ഒരു മൃഗത്തിന്റെ പേരില്‍ ഒരു കൂട്ടമാളുകള്‍ രാജ്യത്തുടനീളം സൃഷ്ടിക്കുന്ന കാട്ടാളത്തത്തെ മറ്റേതെങ്കിലും നാട്ടില്‍ കാണാന്‍ കഴിയുമോ.
ബീഫിന്റെ പേരില്‍ വ്യാപകമായ ആള്‍കൂട്ട ആക്രമണങ്ങള്‍ പെരുകുമ്പോള്‍ ഭരണകൂടങ്ങള്‍ നിശ്ശബ്ദരാവുകയാണ്. പശുസംരക്ഷണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരിലേറെയും മുസ്ലിംകളാണ്. കൊലയാളികള്ക്കെതിരേ സര്‍ക്കാരുകള്‍ നിസ്സാരവകുപ്പാണു ചുമത്തിയത്. അക്രമികളെ അധരംകൊണ്ടല്ല ഭരണാധികാരികള്‍ നേരിടേണ്ടത്, നിയമംകൊണ്ടാണ്. നിയമവാഴ്ച തകരുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുമെന്നതിന് ഇന്നത്തെ ഇന്ത്യയല്ലേ തെളിവ്.
ഈ സത്യം തുറന്നുപറഞ്ഞ ഡോ. ഹാമിദ് അന്‍സാരിക്കുനേരെ വാളോങ്ങിയതുകൊണ്ടു യാഥാര്‍ഥ്യം ഇല്ലാതാവില്ല. അക്രമികളെ സമഭാവനയുടെ വക്താക്കളെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകും. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഭീതിയുളവാക്കുന്ന അവസ്ഥയെക്കുറിച്ച് രാജ്യത്തെ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്ക്കുണ്ടാകണം. അതാണ് ഡോ. ഹാമിദ് അന്‍സാരി നിര്‍വഹിച്ചിരിക്കുന്നത്.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ അട്ടിമറിക്കുമ്പോള്‍ രാജ്യം സ്വസ്ഥമാണെന്ന സൂചനയാണോ നല്‍കുന്നത്. കോടികള്‍ വാഗ്ദാനം നല്കി എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചു പിന്‍വാതിലിലൂടെ സംസ്ഥാനഭരണകൂടങ്ങളെ തകര്‍ത്തെറിയുമ്പോള്‍ ഈ കുത്സിതനീക്കത്തെ എന്തിനോടാണ് ഉപമിക്കേണ്ടത്.
സംസ്ഥാനഭരണകൂടങ്ങളെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം ഫാസിസത്തിനു വഴിയൊരുക്കാനുള്ള ശ്രമവും കൂടിയാണിത്. ഫാസിസത്തിനെതിരേ സംസ്ഥാനങ്ങളില്‍നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും കൂടിയാണ് ഇവരുടെ ശ്രമം. സംസ്ഥാനങ്ങളെല്ലാം വരുതിയില്‍ വന്നുകഴിഞ്ഞാല്‍ ഹിന്ദുത്വ അജന്‍ഡ എളുപ്പത്തില്‍ നടപ്പാക്കാമെന്നായിരിക്കും സംഘ്പരിവാര്‍ കണക്കുകൂട്ടുന്നത്. ഇത്തരമൊരവസ്ഥയെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഹാമിദ് അന്‍സാരിയെപ്പോലുള്ള ഉന്നത വ്യക്തികള്‍ക്കുണ്ട്.
രാജ്യസഭാ അധ്യക്ഷസ്ഥാനത്ത് അവരോധിതരാകുന്ന ചിലര്‍ ബി.ജെ.പിയോടു കാണിക്കുന്ന ആഭിമുഖ്യം എല്ലാവരില്‍നിന്നും പ്രതീക്ഷിക്കരുത്. അധികാരവും പദവിയും ആഗ്രഹിക്കുന്ന ചിലരുണ്ടാകാം. ത്രിപുര നിയമസഭയുടെ പടിവാതില്‍ ഇതുവരെ കാണാന്‍ കഴിയാതിരുന്ന ബി.ജെ.പി കോഴ നല്കി അവിടെ പ്രതിപക്ഷമായിരിക്കുന്നു. ഗുജറാത്ത് രാജ്യസഭാതെരഞ്ഞെടുപ്പില്‍ അമിത്ഷായുടെ കുതന്ത്രങ്ങള്‍ വിലപ്പോവാതിരുന്നതു ദൈവാധീനം കൊണ്ടാണ്.
മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്നു രാജ്യം അസഹിഷ്ണുതയുടെ പിടിയിലാണ്. തന്റെ ഉറച്ചബോധ്യത്തില്നിന്ന് ഈ സത്യം ഹാമിദ് അന്‍സാരി വിളിച്ചുപറയുമ്പോള്‍ അരിശംകൊണ്ടിട്ട് എന്തുകാര്യം. പ്രതിപക്ഷവിമര്ശനമില്ലെങ്കില് ജനാധിപത്യം സ്വേച്ഛാധിപത്യത്തിനു വഴിമാറുമെന്ന ആദ്യ ഉപരാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു ഡോ. ഹാമിദ് അന്‍സാരി നടത്തിയ വിടവാങ്ങല്‍ പ്രസംഗം ജനാധിപത്യത്തെ സാര്ഥകമാക്കുന്ന ചരിത്രാധ്യായത്തില്‍ ഇടംപിടിക്കുന്നതാണ്.