2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഞ്ജു തകര്‍ത്തു; ദക്ഷിണാഫ്രിക്ക തകര്‍ന്നു

തിരുവനന്തപുരം: ലോക്കല്‍ ബോയ് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ എക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
ന നഞ്ഞ ഔട്ട്ഫീല്‍ഡ് മൂലം 20 ഓവറാക്കിക്കുറച്ച മത്സരത്തില്‍ ട്വന്റി 20 പ്രതീതിയില്‍തന്നെ കളിയാരവം ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ നിര കാഴ്ചവച്ചത് കാണികളെ ത്രസിപ്പിക്കുന്ന പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ സഞ്ജുവിന്റെയും ധവാന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക എയ്ക്ക് 20 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെടുത്തി 168 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജുവാണ് കളിയിലെ താരം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ബ്യൂറന്‍ ഹെന്റിക്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ പ്രശാന്ത് ചോപ്രയെ നഷ്ടമായി. ആറ് പന്തില്‍ രണ്ട് റണ്‍സെടുത്ത് ക്ലാസന്റെ കൈകളില്‍ പന്തെത്തിച്ച് ചോപ്ര പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ മുകളിലേക്ക് കാര്‍മേഘം പടര്‍ന്നു. ശേഷം ക്രീസിലെത്തിയ സഞ്ജു നിലയുറപ്പിക്കാന്‍പോലും ശ്രമിക്കാതെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചു. സഞ്ജുവില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശിഖര്‍ ധവാനും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങി.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും കൃത്യമായ ഇടവേളകളില്‍ പന്തുകളെ ബൗണ്ടറിയും സിക്‌സറും കടത്തിയും ഇരുവരും ഗാലറിയെ ആഹ്ലാദാരവങ്ങളില്‍ ആറാടിച്ചു. ജോര്‍ജ് ലിന്‍ഡേയുടെ പതിനാലാം ഓവറില്‍ ശിഖര്‍ ധവാനെ (36 പന്തില്‍ 51) നഷ്ടമായശേഷവും അടി തുടര്‍ന്ന സഞ്ജു പതിനാറാം ഓവറില്‍ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് ഒന്‍പത് റണ്‍സകലെ വീണു. ലിന്‍ഡേയുടെ തന്നെ അടുത്ത ഓവറില്‍ ജന്നേമന്‍ മലാന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആറ് ഫോറും ഏഴ് സിക്‌സറും അദ്ദേഹം പായിച്ചിരുന്നു.
ഇരുവരും പുറത്തായ ശേഷം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (19 പന്തില്‍ 36) വെടിക്കെട്ട് ഫിനിഷിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. മറുപടി ബാറ്റിങ്ങില്‍ റീസാ ഹെന്‍ഡ്രിക്‌സും(43 പന്തില്‍ 59), കെയ്ല്‍ വെരിയെന്നെയും (24 പന്തില്‍ 44) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ എ ജയിച്ചപ്പോള്‍ നാലാം മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്ക എ ജയിച്ചിരുന്നു. സ്‌കോര്‍: ഇന്ത്യ എ- 204-4 (20 ഓവര്‍). ദക്ഷിണാഫ്രിക്ക എ – 168 ഓള്‍ഔട്ട് (20 ഓവര്‍).

 

ഗ്രീന്‍ഫീല്‍ഡിനെ ആവേശത്തിലാക്കി സഞ്ജുവിന്റെ തേരോട്ടം

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനപ്പരീക്ഷ തകര്‍ത്തെഴുതി സഞ്ജു സാംസണ്‍. സെലക്ടര്‍മാര്‍ എന്താണോ ആഗ്രഹിച്ചത് അത് ഗ്രീന്‍ഫീല്‍ഡില്‍ പുറത്തെടുക്കുകയായിരുന്നു സഞ്ജു. സെഞ്ചുറിയ്ക്കടുത്തെത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരേ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ പിച്ചില്‍ സഞ്ജു കാഴ്ചവച്ചത്.
വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത് സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കുന്ന മിന്നുന്ന പ്രകടനമായിരുന്നു മലയാളി താരത്തിന്റേത്. ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ ചിറകിലേറിയായിരുന്നു ഇന്ത്യയുടെ തേരോട്ടം.
മഴകാരണം 20 ഓവറായി ചുരുക്കിയതോടെ ട്വന്റി-20 മത്സരത്തിന്റെ ആവേശത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. 48 പന്തിലാണ് സഞ്ജു 91 റണസെടുത്തത്. നിര്‍ണായകമായ രണ്ടാം വിക്കറ്റില്‍ സഞ്ജുവും ശിഖര്‍ ധവാനും ചേര്‍ന്ന് 135 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സെഞ്ചുറിയിലേയ്‌ക്കെന്ന് തോന്നിപ്പിച്ചതായിരുന്നു ഏഴു സിക്‌സറുകളും ആറ് ഫോറുമടങ്ങുന്ന ഇന്നിങ്‌സ്.
ആദ്യ ഓവറില്‍ രണ്ടു റണ്ണിന് ഓപ്പണര്‍ ചോപ്രയെ നഷ്ടപ്പെട്ടതോടെ പ്രതിരോധത്തിലായ ടീമിന് മൂന്നാമനായിറങ്ങിയ സഞ്ജുവിന്റെ പ്രകടനം കരുത്തായി. സഞ്ജു സിപാംല എറിഞ്ഞ നാലാമത്തെ ഓവറില്‍ ഒരു ഫോറും ഒരു സിക്‌സറും പറത്തി. ജിന്‍ഡണ, ജാന്‍സണ, ഡാല എന്നിവരുടെ തൊട്ടടുത്ത ഓവറുകളിലും ഓരോ സിക്‌സും ഫോറും പറത്തി കാണികളെ ആവേശഭരിതരാക്കി. സഞ്ജുവിന്റെ പ്രകടനത്തെ ആര്‍പ്പുവിളികളും ആരവുമുള്‍ക്കൊണ്ടാണ് കാണികള്‍ വരവേറ്റത്.
ഒന്‍പതാം ഓവറില്‍ 27-ാമത്തെ പന്തില്‍ സഞ്ജു അര്‍ധശതകം പിന്നിട്ടു. ഇന്ത്യന്‍ സീനിയര്‍ ടീം താരം ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കിയായിരുന്നു മലയാളി യുവതാരത്തിന്റെ പ്രകടനം. 20 ബോളില്‍ 21 റണ്‍സായിരുന്നു ശിഖര്‍ ധവാന്റെ ആ സമയത്തെ സമ്പാദ്യം. ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുള്‍പ്പെടെയുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ആയാസരഹിതമായി കളിച്ച സഞ്ജു മോശം പന്തുകള്‍ തിരഞ്ഞെടുത്ത് ബൗണ്ടറി കടത്തി. ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെയായിരുന്നു ഗ്രീന്‍ഫീല്‍ഡിലെ സഞ്ജുവിന്റെ പ്രകടനം.
ഈ പ്രകടനത്തോടെ സീനിയര്‍ ടീമിലേക്കുള്ള അവകാശവാദം ഒന്നുകൂടെ ഉറപ്പിക്കുകയാണ് മലയാളി താരം. എ ടീമില്‍ ലഭിച്ച അവസരം മികച്ചതാക്കി സെലക്ടര്‍മാര്‍ക്ക് മുന്നില്‍ തന്റെ മികവ് തെളിയിക്കാനും കാര്യവട്ടത്ത് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വെടിക്കെട്ട് പ്രകടനം നടത്താനുമായി സഞ്ജുവിന്. കഴിഞ്ഞ കളിയില്‍ മികച്ച കീപ്പിങ് പുറത്തെടുത്തെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാനാകാത്തതിന്റെ കുറവുതീര്‍ത്താണ് സഞ്ജു പവലിയനിലേക്ക് മടങ്ങിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.