
വിനോദസഞ്ചാര
മേഖലയുടെ വികസനം
ജിദ്ദ: ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്തെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുന്നതിന്സഊദി 160 ബില്യന്‍ റിയാലിന്റെ കരാറില്‍ ഒപ്പുവച്ചു. സഊദി ടൂറിസം വികസന നിധിയും പ്രാദേശിക ബാങ്കുകളായ റിയാദ് ബാങ്ക്, സഊദി ഫ്രാന്‍സി ബാങ്ക് എന്നിവരുമായാണ് ഈ ഭീമന് കരാര്‍. എണ്ണയിതര വരുമാനം എന്ന ലക്ഷ്യത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നോട്ട് വച്ച വിഷന്‍ 2030 പരിഷ്കരണ നയത്തിന്റെ പ്രധാന സ്രോതസായി ടൂറിസം മേഖലയെ വികസിപ്പിക്കാനാണ് പദ്ധതി.ഇതനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള ടൂറിസം പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുക എന്നതാണ് കരാര്‍ ലക്ഷ്യം.
കൊവിഡ് മഹാമാരിയും എണ്ണ വിലയിലുണ്ടായ ഇടിവും കണക്കിലെടുത്ത് സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് വേണ്ടി നാലു ബില്യന്‍ പ്രാഥമിക മുതല്‍മുടക്കില്‍ ജൂണില്‍ സ്ഥാപിതമായതാണ് സഊദി ടൂറിസം വികസന നിധി.
പുതിയ വിസ സമ്പ്രദായം ഏര്‍പ്പെടുത്തി 2019 സെപ്റ്റംബറിലാണ് 49 രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് സഊദിഅറേബ്യ വാതില്‍ തുറന്ന് നല്‍കിയത്. 2030 ഓടെ മൊത്തം അഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം വിനോദ സഞ്ചാര മേഖലയില്‍ നിന്ന് കണ്ടെത്താനാണ് പദ്ധതി.