ജിദ്ദ: സഊദി രാജ്യാന്തര സൈക്ലിങ് മത്സര പരിപാടിക്ക് തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരമായ റിയാദാണ് ആദ്യ തവണ ആതിഥേയത്വം വഹിക്കുകയെന്നും സഊദി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അറിയിച്ചു.
അഞ്ച് ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല് മുതൽ എട്ട് വരെയാണെന്നും മത്സരങ്ങൾ. ഫ്രാൻസിലെ പ്രശസ്ത സൈക്ലിങ് മത്സരം ‘ടൂർ ഡെ ഫ്രാൻസി’ന്‍റെ സംഘാടകരായ അമാരി സ്പോർട് ഓർഗനൈസേഷൻ (എ.എസ്.ഒ) ആണ് ഉദ്ഘാടന പതിപ്പായ 2.1 കാറ്റഗറി മത്സരം അവതരിപ്പിക്കുന്നത്. റിയാദ് നഗരത്തെ വലം വെക്കും വിധം ട്രാക്കൊരുക്കിയാണ് മത്സരം.
റിയാദ് ഡിജിറ്റൽ സിറ്റിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. അമാരി സ്പോർട് ഓർഗനൈസേഷൻ ഇതേ രീതിയിൽ ഒമാനിലും ‘ടൂർ ഓഫ് ഒമാൻ’ സൈക്ലിങ് മത്സരം പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പായി സഊദിയിൽ മത്സരം പൂർത്തിയാക്കാനായിരുന്നു തീരുമാനവും. എന്നാൽ ഫെബ്രുവരി 11 മുതൽ 16 വരെ ഒമാനിൽ നിശ്ചയിച്ച മത്സരം സുൽത്താൻ ഖാബൂസിന്‍റെ വിയോഗത്തെ തുടർന്ന് റദ്ദാക്കി.
മധ്യപൗരസ്ത്യ ദേശത്ത് സൈക്ലിങ്ങിന് ഒരു പുതിയ മേഖലയെ സൃഷ്ടിച്ചെടുക്കുക എന്ന ദൗത്യത്തിലാണ് തങ്ങളെന്നും ഈ വർഷം അതിന് തുടക്കം കുറിക്കുമെന്നും എ.എസ്.ഒ ചീഫ് എക്സിക്യുട്ടീവ് യാൻ ലെ മോയനർ പറഞ്ഞു. സഊദി അറേബ്യയിൽ ഇതിനും തുടക്കം കുറിക്കും. സൈക്ലിങ്ങിന്‍റേതായ ഒരു അന്തരീക്ഷം സഊദി വ്യാപകമായി വളർത്തിയെടുക്കും. മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. മത്സരം വാർഷിക കലണ്ടറിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഊദി അറേബ്യയ്ക്ക് ഇതൊരു ആദരമാണെന്നും ആഭ്യന്തര വിനോദ സഞ്ചാരമേഖലയുടെ പ്രോത്സാഹനത്തിന് രാജ്യാന്തര സൈക്ലിങ് മത്സരം സഹായകമാകുമെന്നും സഊദി സൈക്ലിങ് ഫെഡറേഷൻ ചീഫ് സബാഹ് അൽഖറൈദീസ് പറഞ്ഞു.
Comments are closed for this post.