
റിയാദ്: സഊദിയിൽ അംഗീകൃതമായി കഴിയുന്ന വിദേശികൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെയും സ്വദേശികൾക്ക് താൽപര്യമുള്ള വിദേശികളെയും അതിഥിയായി കൊണ്ട് വരുന്നതിനുള്ള ആതിഥേയ വിസയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സഊദി പ്രാദേശിക മാധ്യമങ്ങളാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഏറെ ശ്രദ്ധേയമായ വിസയുടെ വിവരങ്ങൾ പുറത്ത് വിട്ടത്. നിലവിൽ ടൂറിസം, മൾട്ടിപ്പിൾ, വിവിധ ഇവന്റ് എന്നീ വിസകൾ അവതരിപ്പിച്ച സഊദിയുടെ ആതിഥേയ വിസ കൂടുതൽ വിദേശികളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് എവിടെയും യഥേഷ്ടം സഞ്ചരിക്കുവാനും വിശുദ്ധ ഉംറ നിർവ്വഹിക്കുവാനും ടൂറിസം ഇവന്റുകളിൽ പങ്കെടുക്കാനും അതിഥി വിസകളിൽ കഴിയുന്നവർക്ക് സാധിക്കുമെന്നതാണ് ഏറെ പ്രത്യേകത.
കൊണ്ട് വരുന്നവർക്കായിരിക്കും അതിഥികളുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും. ഏറെ ശ്രദ്ധേയമായ വിസ ഉടൻ പ്രഖ്യാപിക്കുമെന്ന് രണ്ടു കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. 90 ദിവസത്തേക്കായിരിക്കും വിസ കാലാവധി നൽകുക. വിദേശികൾ ഇപ്പോൾ എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കുന്ന അബ്ഷിറിലൂടെയാണ് അതിഥി വിസക്ക് അപേക്ഷിക്കേണ്ടതെന്നാണ് വിവരം. ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയവും ജവാസാത്തും ആവിഷ്ക്കരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ഞൂറ് റിയാലായിരിയ്ക്കും വിസ ഫീസ്, ഒരാൾക്ക് 5 ആളുകളെ വരെ കൊണ്ട് വരാം. വിദേശികൾക്ക് അടുത്ത ബന്ധു ഒരാൾക്ക് വർഷത്തിൽ ചുരുങ്ങിയത് 3 തവണ സൗദിയിലേക്ക് വരാൻ സാധിക്കുന്ന രീതിയിലാണു വിസ ക്രമീകരിച്ചിട്ടുള്ളത്. വിസ ഫീസിനെക്കുറിച്ചും മറ്റു നിയമാവലികളെക്കുറിച്ചുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം വരുമെന്നാണു പ്രതീക്ഷ. വിസിറ്റിംഗിനു കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ആതിഥേയ വിസ വലിയ അനുഗ്രഹമാകും.