
ദുബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ ഓയിൽ-ടു-കെമിക്കൽസ് യൂണിറ്റിലെ ഓഹരികൾ മിഡിൽ ഈസ്റ്റേൺ കമ്പനിക്ക് വിൽക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിന് ശേഷവും ഇന്ത്യയിൽ നിക്ഷേപ അവസരങ്ങൾ തേടുന്നത് തുടരുമെന്ന് സഊദി അരാംകോ അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യ വമ്പിച്ച വളർച്ചാ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഞങ്ങളുടെ സാധ്യതയുള്ള പങ്കാളികളുമായി പുതിയതും നിലവിലുള്ളതുമായ ബിസിനസ്സ് അവസരങ്ങൾ വിലയിരുത്തുന്നത് തുടരുമെന്നും അരാംകോ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
റിലയൻസിന്റെ ഓയിൽ-ടു-കെമിക്കൽസ് യൂണിറ്റിൽ ഏകദേശം 15 ബില്യൺ ഡോളർ മൂല്യമുള്ള 20 ശതമാനം ഓഹരികൾക്കായി സഊദി അരാംകോ 2019 ഓഗസ്റ്റിൽ ഒരു നോൺ ബൈൻഡിംഗ് ലെറ്റർ ഓഫ് ഇൻറന്റ് കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, കരാറിൽ നിന്ന് പിന്മാറുന്നുവെന്ന് റിലയൻസ് വെള്ളിയാഴ്ചയാണ് വെളിപ്പെടുത്തിയത്. റിലയൻസും അരാംകോയും ദീർഘകാല ബന്ധമുള്ളവരാണ്, ഇന്ത്യയിൽ നിക്ഷേപ അവസരങ്ങൾ തേടുന്നത് തുടരുമെന്ന് അരാംകോ പറഞ്ഞു. ഇന്ത്യയിൽ അരാംകോയുടെ ഇഷ്ടപ്പെട്ട പങ്കാളിയായി തുടരുമെന്നും സ്ഥാപനവുമായുള്ള കരാറിൽ പ്രതിജ്ഞാബദ്ധമാണെന്നും റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, കൂടുതൽ വ്യക്തത വരുത്താൻ റിലയൻസ് തയ്യാറായിട്ടില്ല.
ഈ വർഷം ജൂണിൽ, അരാംകോയുമായുള്ള നിക്ഷേപ കരാർ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയൻസ് പറഞ്ഞിരുന്നു. അരാംകൊ ചെയർമാൻ യാസിർ അൽ റുമയ്യനെ റിലയൻസ് ബോർഡിൽ ഒരു സ്വതന്ത്ര ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.