
റിയാദ്: സഊദിയില്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാക്കിയ വോയ്സ്, വീഡിയോ ആപ്ലിക്കേഷനുകളുടെ വിലക്കുകള്‍ അടുത്ത ബുധനാഴ്ചയോടെ നീക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ വ്യക്തമാക്കി. സഊദി ടെലിക്കമ്യൂണിക്കേഷന്റെയും വിവിധ മൊബൈല്‍ കമ്പനികളുമായും സഹകരിച്ചാണ് ആപ്ലിക്കേഷനുകളുടെ വിലക്കുകള്‍ എടുത്തു കളയുന്നത്.
വ്യവസ്ഥകള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്ന വോയ്സ്, വീഡിയോ കോള്‍ ആപ്ലിക്കേഷനുകളുടെ നിരോധനമാണ് എടുത്തു കളയുക. ഉപയോക്താക്കളുടെ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധമാണെന്നു കമ്മ്യുണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന് (സി.ഐ.ടി.സി) പറഞ്ഞു.
പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ച ടെലികോം കമ്പനികള്‍ക്കും സി.ഐ.ടി.സിക്കും വകുപ്പ് മന്ത്രി നന്ദി പറഞ്ഞു. നിരോധനം നീക്കുന്നതോടെ വാട്ട്സ് ആപ്പ്, സ്കൈപ്, വൈബര്‍ തുടങ്ങിയവയിലൂടെ വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനാകും.