
ജിദ്ദ: സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ കാഴ്ച പരിശോധന നിര്‍ബന്ധമാക്കിയതായി സഊദി ട്രാഫിക് വിഭാഗം വാക്താവ് ലെഫ്റ്റനന്റ് കേണല്‍ താരീഖ് അല്‍ റുബയ്യാന്‍ അറിയിച്ചു. നേരത്തേ പുതിയ ലൈസന്‍സ് ഇഷ്യൂ ചെയ്യുമ്പോള്‍ മാത്രമായിരുന്നു കാഴ്ച പരിശോധന ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ സ്വദേശികളും വിദേശികളും പുതിയ ലൈസന്‍സെടുക്കാനും പുതുക്കാനും കാഴ്ച പരിശോധനക്ക് വിധേയരാകണമെന്നും മൂന്നു മാസം മുമ്പ് പുതിയ നിയമം അംഗീകരിച്ചിട്ടുണ്ടെന്നും കേണല്‍ താരീഖ് പറഞ്ഞു.
നിലവില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പോസ്റ്റല്‍ വഴി ഉടമസ്ഥര്‍ക്ക് എത്തിച്ച് കൊടുക്കുന്ന സിസ്റ്റം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും എന്നാല്‍ അത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളുടെ ആര്.സി പോസ്റ്റല്‍ വഴി എത്തിക്കുന്ന സിസ്റ്റം റിയാദ് പ്രവിശ്യയില്‍ ട്രാഫിക് വിഭാഗം നേരത്തേ ആരംഭിച്ചിരുന്നു. ഇത് രാജ്യത്തെ എല്ലാ പ്രവിശ്യയിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.