2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയില്‍ ആഡംബര, ആരോഗ്യ ടൂറിസം ‘അമാല’ പദ്ധതി പ്രഖ്യാപിച്ചു; ആദ്യ ഘട്ടം 2020 ല്‍

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: ടൂറിസം രംഗത്ത് പുതിയ പര്യായമായി സഊദിയില്‍ ലക്ഷ്വറി ടൂറിസം കേന്ദ്രം വരുന്നു. വടക്കുപടിഞ്ഞാറന്‍ തീരത്തെ സമ ശീതോഷ്ണ മേഖലയില്‍ നിമ്മിക്കുന്ന രാജ്യത്തെ ഏറ്റവും ആഡംബര ടൂറിസം മേഖലക്ക് ‘അമാല’ എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. ആരോഗ്യ, ചികിത്സാ മേഖലകളില്‍ ഊന്നിയുള്ള ആഡംബര വിനോദ സഞ്ചാരം എന്ന നവീന ആശയമാണ് ‘അമാലാ’ പദ്ധതി മുന്നോട്ടു വെക്കുന്നത്. ആഡംബര ടൂറിസം രംഗത്ത് ലോകത്തിനു മുന്നില്‍ പുതിയൊരു അനുഭവമായിരിക്കും അമാല നല്‍കുകയെന്നതാണ് കരുതുന്നത്.

സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് പുതിയ ടൂറിസം കേന്ദ്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിലേക്കുള്ള ആദ്യ നിക്ഷേപവും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആയിരിക്കും നല്‍കുക. ഈ പ്രദേശത്ത് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നാച്വര്‍ റിസേര്‍വിന്റെ ഭാഗമായ വിശിഷ്ടമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുന്ന ‘അമാലാ’ പദ്ധതിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് സ്വകാര്യ നിക്ഷേപകര്‍ക്കും അവസരങ്ങളുണ്ടാകും. ഈ പ്രദേശത്തോട് ചേര്‍ന്ന് നടത്തപ്പെടുന്ന രാജ്യത്തെ സ്വപ്‌ന പദ്ധതിയായ നിയോം പദ്ധതിയുമായും ചെങ്കടല്‍ പദ്ധതിയുമായിചേര്‍ന്ന് അതുല്യമായ ടൂറിസം ഇക്കോ സിസ്റ്റം പ്രാവര്‍ത്തികമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ആഡംബര ഹോസ്പിറ്റാലിറ്റി പദ്ധതിയുടെ ചീഫ് എക്‌സിക്യു്ട്ടീവ് ഓഫിസര്‍ ആയി നിക്കോളാസ് നാപ്‌ലെസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആഡംബര ടൂറിസമെന്ന ആശയത്തില്‍ പുതിയൊരു ലോകം നിര്‍മിക്കുന്ന പദ്ധതിയായിക്കും അമാലയെന്നും സന്ദര്‍ശകര്‍ പ്രതീക്ഷിക്കുന്നതിലും മികച്ച കേന്ദ്രമായി അമാലയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വര്‍ഷം ആദ്യത്തില്‍ ശിലാസ്ഥാപനം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 2020 അവസാനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. 2028 ഓടെ പദ്ധതി പൂര്‍ണ തോതില്‍ പൂര്‍ത്തിയാകുക. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചു ലക്ഷം ടൂറിസ്റ്റുകളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 22,000 തൊഴിലവസരങ്ങള്‍ പദ്ധതി ലഭ്യമാക്കുമെന്നും കണക്കാക്കുന്നു. 2,500 ഹോട്ടല്‍ മുറികളും സ്യൂട്ടുകളും 700 വില്ലകളും ഫഌറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളും നിരവധി ഷോറൂമുകളും ബോട്ട് ജെട്ടിയും മറ്റും പദ്ധതി പ്രദേശത്തുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.