2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സംവരണ തസ്തികകളിലും ആദിവാസി യുവാക്കളെ തഴഞ്ഞു

നിസാം കെ അബ്ദുല്ല

കല്‍പ്പറ്റ: സംവരണം ചെയ്ത തസ്തികകളിലും ആദിവാസി യുവാക്കള്‍ പുറത്ത്. ജാതി സര്‍ട്ടിഫിക്കറ്റില്‍ അവരുടെ സംവരണ വിഭാഗം രേഖപ്പെടുത്താത്തതാണ് കാരണം. സര്‍ക്കാര്‍ ജോലിയെന്ന ഗോത്രവര്‍ഗ ഉദ്യോഗാര്‍ഥികളുടെ സ്വപ്നത്തിനാണ് ജാതി സര്‍ട്ടിഫിക്കറ്റിലെ അപകാത മൂലം കരിനിഴല്‍ വീഴുന്നത്. ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിലാണിവര്‍.
ഊരാളി കുറുമര്‍ (ബെട്ട കുറുമര്‍) വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദു-കുറുമ എന്ന് രേഖപ്പെടുത്തിയാണ് നല്‍കുന്നത്. ഇവരുടെ ഉപജാതി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താറില്ല. ഇതാണ് പി.എസ്.സിയില്‍ അടക്കം ഇവര്‍ക്ക് തിരിച്ചടിയാവുന്നത്. ഏറ്റവും അവസാനം ഇവര്‍ ഇത്തരത്തില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് പൊലിസ് കോണ്‍സ്റ്റബിളിനുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ നിന്നാണ്. ഇക്കഴിഞ്ഞ മെയ് 20ന് പി.എസ്.സി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വനത്തിലോ വനാതിര്‍ത്തിയിലോ ഉള്ള സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി കുറുമര്‍(ബെട്ട കുറുമര്‍) എന്നീ ഗോത്രത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി പൊലിസില്‍ കോണ്‍സ്റ്റബിള്‍ നിയമനത്തിലുള്ള ഉത്തരവിറക്കിയിരുന്നു.
വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ക്ക് അനുസരിച്ച് അപേക്ഷ നല്‍കിയിട്ടും ഊരാളികുറുമ(ബെട്ട കുറുമ) വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കായികക്ഷമത പരീക്ഷയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചില്ല.
ഇവരെ പുറത്താക്കി കൊണ്ട് കായികക്ഷമത പരീക്ഷയും നിയമന നടപടികളുമായി പി.എസ്.സിയുടെ വയനാട് ജില്ലാ ഓഫിസ് മുന്നോട്ടു പോകുകയാണ് . ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ഓഫിസിലെത്തി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. അപേക്ഷക്കൊപ്പം സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു-കുറുമ എന്ന് മാത്രമാണ് ഉള്ളതെന്നും ഇത് ഊരാളി കുറുമര്‍ ആണോയെന്നതില്‍ വ്യക്തത വരുത്താന്‍ സാധിക്കില്ലെന്നതിനാലാണ് അപേക്ഷകള്‍ നിരസിച്ചെതെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. ജാതി രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ നിന്നും പുറത്താക്കപ്പെടുമോയെന്ന ഭീതിയിലാണ് നിലവില്‍ ഉദ്യോഗാര്‍ഥികളുള്ളത്.
ഇതേതുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടിക ജാതി പട്ടികവര്‍ഗ വികസന മന്ത്രി, സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷന്‍ എന്നിവര്‍ക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് വേണുമേഗാളന്‍ എന്ന ഊര് മൂപ്പന്റെ പേരില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ പരിഹാര നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. 8,000 ത്തില്‍ താഴെ മാത്രമുള്ള ബെട്ടകുറുമര്‍ സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഗോത്രമാണ്. തങ്ങള്‍ക്ക് ബെട്ട കുറുമര്‍ഊരാളി കുറുമര്‍ എന്ന് പ്രത്യേകം പരാമര്‍ശമുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നത് ഇവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ തഹസില്‍ദാര്‍മാരും വില്ലേജ് ഓഫിസര്‍മാരും ബെട്ടകുറുമഊരാളി കുറുമ എന്നിങ്ങനെയുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ സേവനങ്ങളില്‍ നിന്നും മറ്റ് ആനുകുല്യങ്ങളില്‍ നിന്നും തങ്ങള്‍ പുറന്തള്ളപ്പെടുകയും തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ നടത്താനിരിക്കുന്ന കായികക്ഷമത പരീക്ഷയും നിയമന നടപടികളും നിര്‍ത്തിവച്ച് തങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്നതിനുള്ള നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.