2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംവരണം കാറ്റിൽപ്പറത്തി കാലിക്കറ്റിൽ പി.എച്ച്.ഡി പ്രവേശനം വിദ്യാർഥികൾ കോടതിയിലേക്ക്

ടി. മുംതാസ്
കോഴിക്കോട്
കാലിക്കറ്റ് സർവകലാശാലയിൽ പി.എച്ച്. ഡി അഡ്മിഷന് സംവരണക്രമം പാലിക്കുന്നില്ലെന്ന് പരാതി.നിശ്ചിത സീറ്റുകൾ സംവരണ സമുദായങ്ങൾക്ക് മാറ്റി വയ്ക്കുന്നതിന് പകരം വിദ്യാർഥികളിൽ സംവരണ സമുദായങ്ങളിൽ പ്പെട്ടവരുണ്ടെങ്കിൽ അവരെ സംവരണ വിഭാഗത്തിലേക്ക് മാറ്റുന്ന പ്രവണതയാണ് ഗൈഡുമാർ അനുവർത്തിക്കുന്നത്. ഇത് സംവരണ സമുദായങ്ങൾക്ക് അർഹതപ്പെട്ട സീറ്റുകൾ നഷ്ടപ്പെടാനിടയാക്കുന്നുണ്ട്. ഇത്തവണ സർവകലാശാലയിൽ ആയിരത്തോളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇതിൽ 205 സീറ്റ് സംവരണ അടിസ്ഥാനത്തിൽ തന്നെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും 64 സീറ്റ് മുസ് ലിംകൾക്കും 73 സീറ്റ് ഈഴവർക്കും 114 സീറ്റ് മറ്റു പിന്നോക്കവിഭാഗങ്ങൾക്കും ലഭിക്കണം. എന്നാൽ ഈ തത്വം പാലിക്കാതെയാണ് സർവകലാശാല അഡ്മിഷൻ നൽകുന്നതെന്നാണ് പരാതി. സംവരണം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള നിർദേശത്തിലെ അവ്യക്തതയും സംവരണ സമുദായങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടാനിടയാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ അഡ്മിഷൻ ഡയറക്ടറേറ്റും റിസർച്ച് ഡയറക്ടറേറ്റും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന ചോദ്യത്തിന് രണ്ടു വിഭാഗങ്ങൾക്കും കൃത്യമായി മറുപടിയും ഇല്ല. പി.എച്ച്.ഡി അഡ്മിഷന് സംവരണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ റിസർച്ച് ഡയരക്ടർ ഗൈഡുമാർക്ക് സർക്കുലർ നൽകിയിരുന്നു. എന്നാൽ ഇതിന് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. ഡിപ്പാർട്ട്മെൻ്റ് അടിസ്ഥാനത്തിലാണോ ഗൈഡ്ഷിപ്പ് അടിസ്ഥാനമാക്കിയാണോ സംവരണം നടപ്പാക്കേണ്ടതെന്നും ഇതുവരെ വ്യക്തവരുത്തിയിട്ടില്ല. ഇത് ഗൈഡുമാരേയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഗവേഷണ അഡ്മിഷന് സംവരണം നടപ്പാക്കുന്നതിന് മാനദണ്ഡങ്ങൾ തയാറാക്കാൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപ സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടുമില്ല. സമിതി ഇതുവരെ യോഗം ചേർന്നിട്ടുപോലുമില്ലെന്നും ആരോപണമുണ്ട്. ബോധപൂർവം റിപ്പോർട്ട് വൈകിപ്പിച്ച് സംവരണ അട്ടിമറിക്ക് സിൻഡിക്കേറ്റ് കൂട്ട് നിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. ഉന്നത ജോലികൾക്ക് പി.എച്ച്ഡി നിർബന്ധമാണെന്ന് ഉത്തരവിറങ്ങിയ സാഹചര്യത്തിൽ സംവരണം ലഭിക്കാതിരിക്കുന്നത് ഭാവിയിൽ സംവരണ സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് ഇത്തരം ജോലികൾക്കുള്ള അവസരം നഷ്ടപ്പെടാനും ഇടയാക്കും.
സംവരണ തത്വങ്ങൾ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്തുനൽകിയിരുന്നു. ഇതിലും യൂനിവേഴ്സിറ്റി ഇതുവരെ നടപടിയെടുത്തിട്ടില്ല. അതിനിടെ സംവരണ തത്വം പാലിക്കാത്തതിനാൽ പി.എച്ച്.ഡി പ്രവേശനത്തിൽ തഴയപ്പെട്ട വിദ്യാർഥികൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.