രാജ്യത്തെ നിത്യ പ്രതിഷ്ഠകളായ ദേശീയാചാര്യന്മാരേയും നേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും പൊതുമനസില്‍ നിന്നും ഇളക്കിമാറ്റി തല്‍സ്ഥാനത്ത് ഫാസിസ്റ്റ് വല്‍ക്കരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കലണ്ടറില്‍ നിന്നും ഖാദി-ഗ്രാമ വ്യവസായ കമ്മിഷന് പ്രസിദ്ധീകരിച്ച കലണ്ടറില്‍ നിന്നും മഹാത്മാ ഗാന്ധിയെ നിഷ്കാസിതനാക്കി തല്‍സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് കേവലം യാദൃശ്ഛികമാണെന്ന് കരുതാനാകില്ല. പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍. വിദ്യാഭ്യാസ സാംസ്കാരിക ചരിത്ര മേഖലകളില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമായി വേണം ഇത്തരം സംഭവങ്ങളെയും കാണാന്‍. ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞ് ചേര്‍ന്ന ഗാന്ധിജിയെ പോലുള്ള യുഗപ്രഭാവന്മാരും ചരിത്ര വ്യക്തിത്വങ്ങളും ഇന്ത്യയുടെ മനസാക്ഷിയാണ്. അവിടെ ബി.ജെ.പി നേതാക്കളെ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ഉദ്യമങ്ങള്‍ പാഴാവുകയേയുള്ളൂ. എങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളെ യഥാര്‍ഥ രാജ്യസ്നേഹികള്‍ ചെറുത്തുതോല്പ്പിക്കേണ്ടതുണ്ട്.
ലബ്ധ പ്രതിഷ്ഠരായ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യത നശിപ്പിക്കുക എന്നത് ഫാസിസത്തിന്റെ ഒരു രീതിയാണ്. നേതാക്കളെ ചരിത്ര സ്മൃതികളില്‍ നിന്നും മായ്ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി അവയെ വരുതിക്ക് നിര്‍ത്താനാണ് ആര്.ബി.ഐയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ നിന്നും മനസിലാവുന്നത്. 1000, 500 നോട്ടുകള്‍ മരവിപ്പിച്ചതിനെ നിസാരമായി കാണാനാകില്ല. ജനങ്ങളില്‍ ഭയസംഭ്രമങ്ങള്‍ പടര്‍ത്തി അവരെ വരി നിര്‍ത്തി അനുസരിപ്പിക്കുക എന്ന നിഗൂഢ പദ്ധതി ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അല്ലാതെ കള്ളപ്പണക്കാരെയും കള്ളനോട്ട് അടിക്കുന്നവരേയും പാക്കിസ്താനില്‍ ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിനെതിരേയുമുള്ള നടപടിയായിരുന്നില്ല. ഒരു ശതമാനം മാത്രമാണ് കള്ളപ്പണം കറന്‍സിയായി വിപണിയിലുള്ളത് എന്നറിഞ്ഞിട്ടും ഇത്തരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത് ഈ നിഗൂഢ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരിക്കണം.
നോട്ട് മരവിപ്പിക്കല്‍ പദ്ധതി ആര്.ബി.ഐയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞൊഴിയുമ്പോള്‍ അത്തരമൊരു നടപടിയുണ്ടായത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുണ്ടായാല്‍ ജീവന് തന്നെ നഷ്ടപ്പെടുമെന്നു അദ്ദേഹം പറയുമ്പോള്‍ എത്ര നിഗൂഢമായാണ് ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചതെന്ന് ബോധ്യപ്പെടും.
മുസ്്ലിം ന്യൂനപക്ഷത്തെ പേടിപ്പിച്ച് അനുസരിപ്പിക്കുക എന്ന തന്ത്രം മുത്വലാഖ് വിഷയവും ഏകസിവില്‍കോഡ് വിഷയവും പ്രചണ്ഡമായ പ്രചാരണ വിഷയമാക്കിയതിന്റെ പിന്നിലുണ്ടായിരുന്നു. സമൂഹത്തിന്റെ പ്രതികരണം അളന്നെടുക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗവും കൂടിയായിരുന്നു ഈ പ്രചാരണ പരിപാടി. രാജ്യത്തെ എ.ടി.എമ്മുകള്‍ക്ക് മുമ്പില്‍ ജനം വരിയായി നിന്നത് ഹിറ്റ്ലറുടെ ജര്‍മനിയില്‍ ജൂതര്‍ ക്യൂ നിന്നതിനെ അനുസ്മരിപ്പിക്കുന്നു.
ഇന്ത്യയുടെ മഹത്വത്തിന്റെ പ്രതീകമായ റിസര്‍വ് ബാങ്കിന്റെ അപ്രമാദിത്വം തകര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സര്‍ക്കാര്‍. നോട്ട് മരവിപ്പിച്ചതിനുശേഷം ഓരോ ദിവസം ഓരോ നിലപാടുകള്‍ പറയേണ്ടി വന്നതിലൂടെ ആര്.ബി.ഐക്ക് പൊതുസമൂഹത്തിലുണ്ടായിരുന്ന വിശ്വാസ്യതയാണ് തകര്‍ന്നത്. ആര്.ബി. ഐ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് പറ്റിയ അപചയം വൈകിയാണെങ്കിലും മനസിലാക്കിയതിനെ തുടര്‍ന്ന് തുറന്നുപറയുവാന്‍ ധൈര്യം കാണിച്ചുവെന്നത് അഭിനന്ദനീയം തന്നെ. റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണാവകാശത്തിന്മേല്‍ സര്‍ക്കാര്‍ കൈവയ്ക്കാന്‍ തുനിയുന്നതിന്റെ അപകടം മനസിലാക്കി പ്രതികരിക്കുവാന്‍ വൈകിയെങ്കിലും അവര്‍ സന്നദ്ധരായിരിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഒരു പ്രതിനിധിയെ ധനമന്ത്രാലയത്തില്‍ നിന്ന് ആര്.ബി.ഐയില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരേ ആര്.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചിരിക്കുകയാണിപ്പോള്. ഏകോപനത്തിനെന്ന പേരില്‍ സംഘ്പരിവാര്‍ സഹയാത്രികരായ ഉദ്യോഗസ്ഥരെ റിസര്‍വ് ബാങ്കിന്റെ മര്‍മസ്ഥാനത്ത് നിയമിക്കാനുള്ള നീക്കത്തിനെതിരേ ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി ഗവര്‍ണര്‍ക്ക് കത്തെഴുതിയത് ഈ പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി കാണാം. കേന്ദ്ര ബാങ്കിന്റെ സ്വയം ഭരണാവകാശവും യശസ്സും നിലനിര്‍ത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ ഊര്‍ജിത് പട്ടേലിന് നല്കിയ കത്ത് രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്.