ശ്രീനഗര്‍: മാസങ്ങള്‍ക്കു മുന്‍പ് ജമ്മുകശ്മിരിലെ ഷോപ്പിയാനില്‍ മൂന്നു യുവാക്കളെ വധിച്ചതില്‍ സൈനികര്‍ക്കെതിരേ നടപടി. നിരപരാധികളായ യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ, സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു സൈന്യം ഇന്നലെ വ്യക്തമാക്കി.
ജൂലൈ 18ന് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സൈന്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഈ ആരോപണം നിഷേധിച്ചും പ്രതിഷേധിച്ചും നാട്ടുകാര്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഈ സംഭവത്തില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ നിയമപരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇന്നലെ ശ്രീനഗറിലെ പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.
ഷോപ്പിയാനില്‍ ജോലി ചെയ്യുന്ന ബന്ധുക്കളായ മൂന്നു യുവാക്കളെ സൈന്യം വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് അന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കുകയും സൈനികര്‍ അവരുടെ അധികാര പരിധിക്കു പുറത്ത് ഇടപെട്ടതായി വ്യക്തമാകുകയുമായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായാണ് സൈന്യം വ്യക്തമാക്കുന്നത്.
25കാരനായ ഇംതിയാസ് അഹമ്മദ്, 20കാരനായ അബ്‌റാര്‍ അഹമ്മദ്, 17കാരനായ മുഹമ്മദ് ഇബ്‌റാര്‍ എന്നീ യുവാക്കളായിരുന്നു അന്ന് അംശിപോരയില്‍ കൊല്ലപ്പെട്ടത്. രാജൗരിയിലേക്കു ജോലിയാവശ്യാര്‍ഥം പോയ ഇവരെ കാണാതാകുകയായിരുന്നെന്നും പിറ്റേന്നാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന നിലയില്‍ സൈന്യം ഇവരെക്കുറിച്ച് പ്രസ്താവനയിറക്കിയതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇവര്‍ക്കു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണെന്നാണ് അധികൃതരുടെ വാദം.
Comments are closed for this post.