
ന്യൂഡല്‍ഹി: ലോസാഞ്ചല്‍സ് വിമാനത്താവളത്തില്‍ രണ്ടുമണിക്കൂറോളം തടഞ്ഞുനിര്ത്തിയതില് ബോളിവുഡ് താരം ഷാരൂഖ് ഖാനോട് ക്ഷമ ചോദിച്ച് ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് റിച്ചാര്‍ഡ് വര്‍മ ഷാരൂഖിനോട് ക്ഷമ ചോദിച്ചത്.
യു.എസിലെ യേല്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനെത്തിയ ഷാരൂഖ് ഖനെയാണ് രണ്ടു മണിക്കൂര്‍ നേരം വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തിയത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ താരം നീരസം പ്രകടിപ്പിച്ചിരുന്നു. ലോകത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ തനിക്കു മനസ്സിലാവുമെന്നും അതിനെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞ താരം ഇത്രയും മണിക്കൂറുകള്‍ പിടിച്ചുവയ്ക്കുന്നത് സഹിക്കാനാവില്ലെന്നാണ് ട്വീറ്റ് ചെയ്തത്.
ഏഴു വര്‍ഷത്തിനിടെ ഇതു മൂന്നാമത്തെ പ്രാവശ്യമാണ് ഷാറൂഖ് ഖാന് യു.എസ് വിമാനത്താവളത്തില്‍ തടയപ്പെടുന്നത്. സുരക്ഷാ പ്രശ്നം പറഞ്ഞാണ് ഇമിഗ്രേഷന്‍ വിഭാഗം താരത്തെ തടഞ്ഞുവയ്ക്കുന്നത്.