2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഷഹബാസിന് മുന്നറിയിപ്പുമായി ഇമ്രാൻ അധികാരമില്ല, ഇനി ഞാൻ കൂടുതൽ അപകടകാരിയാകും

ഇസ്‌ലാമാബാദ്
അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പടിയിറങ്ങിയതിനു പിന്നാലെ പുതുതായി അധികാരമേറ്റ ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് മുന്നറിയിപ്പുമായി പി.ടി.ഐ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ. അധികാരത്തിലിരുന്നപ്പോൾ ഞാൻ അപകടകാരിയായിരുന്നില്ല. എന്നാൽ, ഇനി കൂടുതൽ അപകടകാരിയാകും- ഇമ്രാൻ ഖാൻ പറഞ്ഞു. പെഷവാറിൽ നടന്ന റാലിയെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവിശ്വാസപ്രമേയത്തിൻമേൽ വോട്ടെടുപ്പ് നടക്കുന്നതിന് മുൻപ് അർധരാത്രി സുപ്രിംകോടതി തുറന്നത് തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇമ്രാൻഖാൻ ആരോപിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചത്?. കോടതികൾ രാത്രിയും തുറന്നുപ്രവർത്തിക്കാൻ താൻ ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചിരുന്നോ? നീതിന്യായ സംവിധാനം സ്വതന്ത്രമായ രീതിയിലല്ല പ്രവർത്തിച്ചത്.

ഇറക്കുമതി ചെയ്ത സർക്കാരിനെ ഞങ്ങൾ അംഗീകരിക്കില്ല. ഈ നീക്കത്തിനെതിരേ പ്രകടനങ്ങൾ നടത്തുന്ന ജനങ്ങൾ അവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ചുതരികയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏതൊരു നേതാവ് തന്റെ സർക്കാരിനെ വീഴ്ത്താൻ അമേരിക്കയുമായി ശത്രുക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണം അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു.
അതേസമയം, കോടതി നടപടിയെ വിമർശിച്ച് ഇമ്രാൻഖാൻ നടത്തിയ പരാമർശങ്ങളെ ചോദ്യംചെയ്ത് സർക്കാർ രംഗത്തുവന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയും പി.എം.എൽ (നവാസ് വിഭാഗം) നേതാവ് എഹ്‌സാൻ ഇഖ്ബാലും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.