2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്വാസകോശം ,സ്‌പോഞ്ച് പോലെയാണ്

 

മേല്‍പറഞ്ഞ തലവാചകം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ അല്ലേ. ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു മന്ദഹാസം വരുന്നുണ്ടാവും. എന്നാല്‍ ഇതിന്റെ ഗൗരവം കൂടി മനസിലാക്കേണ്ടതുണ്ട്. ശ്വാസത്തെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ശ്വാസകോശങ്ങള്‍ യഥാര്‍ഥത്തില്‍ ഒരു സ്‌പോഞ്ചിന്റെ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. പുകവലിക്കാരെ ഉദ്ദേശിച്ച് നമ്മുടെ സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പാണ് ഈ പരസ്യമെങ്കിലും അത് എത്രപേര്‍ ഗൗരവത്തോടെ കാണുന്നു എന്ന് സംശയമുണ്ട്. പുകവലിയുടെ ഗുരുതര വശങ്ങള്‍ അറിയാതെ ഇന്നും അതിന്റെ വലയത്തില്‍ തുടരുന്നവരുണ്ട്. പുകവലിയില്‍ നിന്ന് മുക്തി തേടാന്‍ ശ്രമിക്കുന്നവരുണ്ട്. പലര്‍ക്കും അതിനു കഴിയുന്നില്ലെന്ന് വ്യസനത്തോടെ വന്നു പറയാറുമുണ്ട്. അവര്‍ക്കു വീണ്ടും മാനസികമായ പിന്തുണയും ചികിത്സയും നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിക്കാറുണ്ട്. പലര്‍ക്കും അറിയേണ്ടത് പുകവലിക്കാതിരുന്നാല്‍ എന്തോ സംഭവിക്കുന്നുണ്ട് എന്ന വേവലാതിയെ കുറിച്ചാണ്. പകുതി മാനസികമാണെങ്കിലും ശാരീരികമായ ഒരു വശം കൂടി അതിനുണ്ട്. പുകവലി നിര്‍ത്താന്‍ ആഗ്രഹമുള്ളവര്‍ അത് മനസിലാക്കി തയാറെടുപ്പ് നടത്തണം. പുകവലി നിര്‍ത്തുമ്പോഴുണ്ടാവുന്ന മാനസിക-ശാരീരിക മാറ്റങ്ങളെന്തെന്നു നോക്കാം.

20 മിനിറ്റിനപ്പുറം

നിങ്ങള്‍ അവസാന പുകയെടുത്തു കഴിഞ്ഞു. ഇനി വലിക്കില്ലെന്ന് തീരുമാനിച്ചു. അടുത്ത പത്തുമിനിറ്റില്‍ വീണ്ടും വലിക്കാന്‍ തോന്നുക സ്വാഭാവികം. എന്നാല്‍ 20 മിനിറ്റ് ക്ഷമയോടെ കാത്തിരുന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പുതിയ ജീവിതത്തിലേക്കുള്ള ചുവടുവയ്പ് ആരംഭിക്കുകയായി. പുകവലി ഔന്നത്യത്തിലെത്തിച്ച നിങ്ങളുടെ നാഡിമിടിപ്പ് സാധാരണ നിലയിലേക്ക് മടങ്ങുന്നതായി കാണാം. അതുപോലെ നിങ്ങളുടെ രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് മടങ്ങുന്നതായി അനുഭവിക്കാം. ഈ മാറ്റം കണ്ടുകഴിഞ്ഞാല്‍ അടുത്ത മാറ്റത്തിനായി കാത്തിരിപ്പാരംഭിക്കാം.

എട്ട് മണിക്കൂറിനപ്പുറം

പുകവലിക്കുന്നതുമൂലം രക്തത്തില്‍ അടിഞ്ഞുകൂടിയിരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നിക്കോട്ടിന്‍ എന്നിവ ക്രമേണ രക്തത്തില്‍ കുറയാന്‍ ആരംഭിക്കുന്നു. എട്ടു മണിക്കൂര്‍ വിജകരമായി പുകവലി ഉപേക്ഷിച്ച നിങ്ങളുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു.

രണ്ട് ദിവസം

നിങ്ങള്‍ വിജയകരമായി എട്ടു മണിക്കൂര്‍ പുക ഒഴിവാക്കി കഴിഞ്ഞു എങ്കില്‍ അടുത്ത വെല്ലുവിളി അത് ഒരു ദിവസം പൂര്‍ത്തിയാക്കുക എന്നതാണ്. മനസിനെ മറ്റ് കാര്യങ്ങളില്‍ വ്യാപരിക്കാന്‍ അനുവദിക്കുക. ഒരു ദിവസത്തില്‍ നിന്ന് രണ്ടാം ദിവസത്തിലേക്കെത്തുമ്പോഴാണ് അടുത്ത പ്രധാന മാറ്റം ഉണ്ടാകുന്നതായി നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുക. പുക ഇനി ലഭിക്കില്ലെന്ന് ബോധ്യമുള്ള തലച്ചോറും മനസും ശരീരത്തിനെ അതിനു പാകപ്പെടുത്തുന്നത് രണ്ടാം ദിവസത്തിലേക്കെത്തുമ്പോഴാണ്. ശരീരം പുകവലിയെത്തിച്ച കാര്‍ബണ്‍ മോണോക്‌സൈഡിനെ പുറംതള്ളാന്‍ ഒരുങ്ങുന്ന സൂചന അനുഭവിച്ചറിയാം. ശക്തിയാര്‍ജിക്കാന്‍ ആരംഭിക്കുന്ന ശ്വാസകോശങ്ങള്‍ പുകവലി അവശേഷിപ്പിച്ച ദുഷിപ്പുകള്‍ പുറംതള്ളാന്‍ ശ്രമിക്കുന്നു. കഫം നിറവ്യത്യാസങ്ങളോടെ പുറത്തേക്കു വരുന്നു. മണം, രുചി എന്നിവയില്‍ നിങ്ങള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത മാറ്റമാണ് രണ്ടാം ദിവസം അനുഭവിക്കുക.

മൂന്നാം ദിവസം

പുകവലി ഉപേക്ഷിച്ചതിന്റെ രണ്ടാംദിവസം കഫ പ്രക്രിയകളിലൂടെ ശരീരം ദുഷിപ്പുകള്‍ പുറംതള്ളിയതോടെ മൂന്നാം ദിവസം നിങ്ങളുടെ ശ്വാസോഛ്വാസം ക്രമീകരിക്കപ്പെടുന്നു. ശ്വാസകോശ തകരാറുകള്‍ മാറുന്നതിന്റെ സൂചനയാണത്. ഉന്മേഷം തോന്നുകയും ശരീരത്തില്‍ ഊര്‍ജം നിറയുന്നതായി അനുഭവപ്പെടുന്നതും അതുകൊണ്ടാണ്. ഈ സ്ഥിതി അടുത്തുള്ള ദിവസങ്ങളിലും തുടരുന്നു.

രണ്ട് ആഴ്ച മുതല്‍
12 ആഴ്ചവരെ

സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ശരീരത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിങ്ങളുടെ രക്തചംക്രമണത്തിലാണ് കാര്യമായ പുരോഗതി ഉണ്ടാവുന്നത്. ഊര്‍ജവും ഉന്മേഷവും പ്രത്യക്ഷത്തില്‍ മനസിലാക്കാം. ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍ മാറുന്നതായും ശ്വസന പ്രക്രിയ കാര്യക്ഷമമാകുന്നതും ഈ സമയം പ്രത്യക്ഷമായി മാറ്റമായി ചൂണ്ടിക്കാട്ടാം.

3 മുതല്‍ 9 മാസം വരെ

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ ഈ സമയം എത്തുന്നതോടെ സാധിക്കുന്നു. പുകവലി മൂലം ഉണ്ടായിരുന്ന ചുമയിലും മറ്റും പത്തുശതമാനത്തിലധികം കുറവാണ് ഉണ്ടാവുന്നത്. ശ്വാസ തടസം പൂര്‍ണമായും മാറുന്ന അവസ്ഥയിലേക്കും എത്തുന്നു.

ഒരു വര്‍ഷത്തിനുശേഷം

പുകവലിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുമായിരുന്ന അസുഖങ്ങള്‍ പകുതി കണ്ട് കുറയുന്നതായാണ് അറിയേണ്ടത്. പുകവലിക്കുമായിരുന്നെങ്കില്‍ പക്ഷാഘാതമോ ഹൃദയസംബന്ധിയായ അസുഖമോ ഉണ്ടാകുമായിരുന്ന നിങ്ങള്‍ അതില്‍നിന്നു രക്ഷപ്പെട്ടു എന്ന് അറിയുക.

10 വര്‍ഷം

പുകവലി നിര്‍ത്തിയിട്ട് ഒരു വര്‍ഷമായി എന്നു മറ്റുള്ളവരോട് പറയാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതില്‍നിന്ന് പകുതി രക്ഷപ്പെട്ടു എന്നാണല്ലോ അര്‍ഥം. പത്തുവര്‍ഷം പുകവലി ഇല്ലാതെ തുടരാനായാല്‍ ശ്വാസകോശ അര്‍ബുദത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനായി എന്നു മനസിലാക്കണം.
വലിക്കുമായിരുന്നെങ്കില്‍ അര്‍ബുദം ശ്വാസകോശത്തെ ബാധിക്കുമായിരുന്നു. ഹൃദയ സംബന്ധിയായ അസുഖങ്ങളും പുകവലിക്കാതിരിക്കുന്നതോടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകുന്നു. അതായത് പത്തുവര്‍ഷം കൊണ്ട് നിങ്ങള്‍ക്കു ജീവിതത്തിലേക്ക് മടങ്ങിയെത്താം. പുകവലി തുടങ്ങാന്‍ എളുപ്പമാണ്. അത് അവസാനിപ്പിക്കാന്‍ ഏറെ കാത്തിരിപ്പ് ആവശ്യമാണ്. നിങ്ങളുടെ ജീവനും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതവും നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിച്ചേ മതിയാവൂ.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.