കൊളംബോ
ശ്രീലങ്കയിൽ സർക്കാരിനെതിരേ തെരുവിലിറങ്ങി രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത നായകൻ അർജുന രണതുംഗെയും സഹതാരവും മുൻനായകനുമായ സനത് ജയസൂര്യയും. കൊളംബോയിലെ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഓഫിസിന് മുമ്പിൽ നടന്ന പ്രക്ഷോഭത്തിലാണ് ഇരുവരും പങ്കെടുത്തത്. ദിവസങ്ങളായി നൂറുകണക്കിന് പ്രക്ഷോഭകർ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് ഇവിടെ.
ഭരണാധികാരികളെ സഹിക്കവയ്യാതെ ഞങ്ങളുടെ ആരാധകർ ദിവസങ്ങളായി തെരുവിലാണ്. അതിനാൽ ഒരുദിവസം അവർക്കൊപ്പം ചെലവഴിക്കാൻ ഞങ്ങളെത്തി. എല്ലാ കായികതാരങ്ങളും നേരിട്ട് പ്രക്ഷോഭങ്ങളിൽ പങ്കാളികളാവണമെന്നും രണതുംഗെ പറഞ്ഞു. ഡമോക്രാറ്റിക് നാഷനൽ മൂവ്‌മെന്റ് നേതാവായ രണതുംഗെ ലങ്കയിലെ മുൻ മന്ത്രിയും രാഷ്ട്രീയ നേതാവുമാണ്.
വൈകാതെ സനത് ജയസൂര്യയും പ്രക്ഷോഭകർക്ക് പിന്തുണയുമായി വന്നു. രാജപക്‌സെയുടെ ഓഫിസിന് മുന്നിലുള്ള ബാരിക്കേഡുകൾ ചാടിക്കടന്നാണ് മുൻ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ജയസൂര്യ എത്തിയത്. അധികൃതർ ഈ മുദ്രാവാക്യംവിളികൾ കേൾക്കുമെന്നാണ് പ്രതീക്ഷയെന്ന് ജയസൂര്യ പറഞ്ഞു. മുൻ ക്യാപ്റ്റൻ മഹേല ജയവർധനെ, മുൻ താരവും അംബയറുമായ റോഷൻ മഹാനാമ ഉൾപ്പെടെയുള്ളവരും പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, സർക്കാർ ഗ്യാസ് കമ്പനിയായ ലിട്രോ ഗ്യാസ് ചെയർമാൻ തെഷാര ജയസിംഗെ രാജിവച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗ്യാസ് മാഫിയ അഴിമതിക്കു കുടപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗോതബായ രാജപക്‌സെയ്ക്ക് അയച്ച രാജിക്കത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷനിലൂടെ പാചകവാതക ഇറക്കുമതിക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Comments are closed for this post.