
കൊളംബോ: ശ്രീലങ്കയിലെ ജയിലില്‍ തടവുകാരുടെ കലാപം അടിച്ചമര്‍ത്താന്‍ പൊലിസ് നടത്തിയ വെടിവയ്പില്‍ എട്ടു തടവുകാര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. തലസ്ഥാനമായ കൊളംബോയ്ക്കു പുറത്തുള്ള അതീവ സുരക്ഷാ സംവിധാനമുള്ള മഹറ ജയിലിലാണ് കലാപമുണ്ടായത്. തുടര്‍ന്ന് നൂറുകണക്കിന് പൊലിസുകാരെ ജയിലിനു ചുറ്റും വിന്യസിച്ചു.ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തടവുകാര്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
പാറാവുകാരുമായി ഏറ്റുമുട്ടിയ തടവുകാര്‍ ജയിലിലെ അടുക്കളയ്ക്ക് തീയിടുകയും രണ്ടു ജയില്‍ വാര്ഡന്മാരെ ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്ന് 200 കമാന്‍ഡോകളുള്‍പ്പെടെ 600 ഓഫിസര്‍മാര്‍ എത്തി കലാപം അടിച്ചമര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് എട്ടു തടവുകാര്‍ കൊല്ലപ്പെട്ടത്.
അതേസമയം തടവുകാര്‍ ബന്ദികളാക്കിയ രണ്ട് വാര്ഡന്മാരെയും മോചിപ്പിച്ചതായി പൊലിസ് വക്താവ് അജിത് രോഹാന അറിയിച്ചു.
ശ്രീലങ്കന്‍ ജയിലുകളിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,000 കടന്നിരിക്കുകയാണ്. രണ്ടു തടവുകാര്‍ മഹാമാരി ബാധിച്ച് മരിക്കുകയും ചെയ്തു. ഇതാണ് തടവുകാരെ ജയില്‍ ചാടാനും പ്രകോപിതരാകാനും പ്രേരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച മധ്യ ബൊഗാംബരയിലെ ജയിലിന്റെ മതില് ചാടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഒരു തടവുകാരന് മരിച്ചിരുന്നു