
ന്യൂഡല്‍ഹി: ലോക്സഭയില്‍ ചോദ്യമെഴുതിക്കൊടുത്തിട്ടും ചോദ്യോത്തരസമയത്ത് ചോദ്യം ചോദിക്കാന്‍ ഹാജരാകാതിരിക്കുകയും ചെയ്ത പി.കെ ശ്രീമതി ടീച്ചര്‍ക്ക് സ്പീക്കറുടെ മോശം സര്‍ട്ടിഫിക്കറ്റ്.
ചോദ്യം ചോദിക്കേണ്ട അംഗം ഹാജരാകാതിരുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സ്പീക്കര്‍ സുമിത്രാ മഹാജന് ഇത് മോശം പ്രവണതയാണെന്നും അനുവദിക്കാനാവില്ലെന്നും പറഞ്ഞു.
കഴിഞ്ഞദിവസം പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കേണ്ട ശ്രീമതി ടീച്ചറും കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി അംഗം നളിന്‍ കുമാര്‍ കട്ടീലും ചോദ്യോത്തരവേളയില്‍ സഭയില്‍ ഹാജരുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സ്പീക്കര്‍ ഇരുവര്‍ക്കുമെതിരേ പരാമര്‍ശം നടത്തിയത്.
തമിഴ്നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പ് മെയ് 16നു നടക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ ലോക്സഭയുടെ നടപ്പ് സമ്മേളനത്തില്‍ ഹാജരാകാറില്ല. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് സമയമായിരുന്നതിനാല്‍ അവിടെനിന്നുള്ള എം.പിമാരും ഏപ്രില്‍ 25നു തുടങ്ങിയ നടപ്പ് സമ്മേളനത്തില്‍ ഹാജരാകാറില്ലായിരുന്നു.