
കൊച്ചി: ശ്രീനാരായണഗുരു ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹിക പരിഷ്കര്‍ത്താവാണെന്നും ഹൈക്കോടതി. ആലപ്പുഴ ജില്ലയിലെ എസ്.എന്‍.ഡി.പി യോഗം കരുമാടി ശാഖയുടെ ഭൂമി ലേലംചെയ്തു കൊടുക്കുന്നതിനെതിരേയുള്ള ഹരജികള്‍ പരിഗണിക്കവെ ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് കെ ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണാനാവില്ലെന്നും ഉത്തരവിലുണ്ട്. ഗുരുദേവന്റെ പ്രതിമയെ ദൈവമായി കാണാനാവില്ല. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ഭാഗമല്ല ശ്രീനാരായണഗുരുവെന്ന് ഹൈക്കോടതി നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുദേവന്‍തന്നെ വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നില്ല. മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്നതിനു ഗുരു തയാറായിരുന്നില്ല. മുനുഷ്യര്‍ക്ക് ഒരു ജാതിയും ഒരു മതവുമാണെന്ന നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഗുരുദേവനെ ദൈവമായി ആരാധിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കരുമാടിയില്‍ ഗുരുമന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലം ജപ്തിചെയ്ത് ലേലത്തില്‍ വിട്ടുകൊടുക്കുന്നത് തടയണമെന്നും ഗുരുദേവനെ ആരാധിക്കുന്നവര്‍ ഗുരുമന്ദിരത്തെ ക്ഷേത്രമായാണ് കാണുന്നതെന്നും വ്യക്തമാക്കി കരുമാടി സ്വദേശികളായ കെ.കെ പുരുഷോത്തമന്, എന്‍ മുരളീധരന് എന്നിവര്‍ നല്കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ആര്യാട് സ്വദേശിനി ശാന്തമ്മയാണ് നാലുസെന്റ് വരുന്ന സ്ഥലം 2014ല്‍ ലേലത്തില്‍ പിടിച്ചത്. പിന്നീട് ഈ സ്ഥലം സ്വന്തം പേരിലാക്കിക്കിട്ടാന്‍ ശാന്തമ്മ ആലപ്പുഴ സബ് കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍, ഹരജിക്കാര്‍ എതിര്‍ത്തു. എതിര്‍പ്പുകള്‍ തള്ളിയ കോടതി ഭൂമി ശാന്തമ്മയുടെ പേരിലാക്കി നല്കാന് ഉത്തരവിട്ടു. ഇതിനെതിരേയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഗുരുമന്ദിരം ഉള്‍പ്പെട്ട സ്ഥലം സ്വകാര്യ വ്യക്തിക്കു നല്‍കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഗുരുദേവനെ ദൈവമായി കാണുന്ന തങ്ങളാണ് ഗുരുമന്ദിരത്തിന്റെ ഗുണഭോക്താക്കളെന്നും ആ നിലയ്ക്കാണ് കോടതിയെ സമീപിക്കുന്നതെന്നുമായിരുന്നു മറ്റൊരു വാദം. എന്നാല്‍, ഭൂമിയുടെ കൈമാറ്റത്തെ എതിര്‍ക്കാന്‍ ഹരജിക്കാര്‍ക്ക് നിയമപരമായി അവകാശമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്നു വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച്, ഭൂമിയുടെ കൈമാറ്റത്തില്‍ തെറ്റില്ലെന്നു ചൂണ്ടിക്കാട്ടി ഹരജികള്‍ തള്ളി.