2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീനഗര്‍ മണ്ഡലത്തിലെ 38 പോളിങ് സ്റ്റേഷനുകളില്‍ നാളെ റീ പോളിങ്

ന്യൂഡല്‍ഹി: സംഘര്‍ഷത്തെത്തുടര്‍ന്ന് തടസപ്പെട്ട ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ 38 പോളിങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. നാളെയാണ് റീപോളിങ് നടക്കുക. ഇതിന്റെ ഭാഗമായി ഈ ഭാഗങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. സംഭവത്തില്‍ എട്ടുപേര്‍ മരിക്കുകയും 100 സുരക്ഷാ സൈനികര്‍ക്കും നിരവധി നാട്ടുകാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പോളിങ് സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങളും തീവയ്പ്പും നടന്നതോടെ പോളിങ് ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ 38 പോളിങ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു.
ചദൂരയില്‍ 16 പോളിങ് സ്റ്റേഷനുകളും, ബുദ്ഗാമില്‍ എട്ടും, ബീര്‍വായില്‍ അഞ്ചും ചരാരെ ശരീഫില്‍ എട്ടും ഖാന്‍ സാഹിബില്‍ ഒരു പോളിങ് സ്റ്റേഷനിലുമാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഏഴ് ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. ബുദ്ഗാം മേഖലയിലെ 70 ശതമാനത്തോളം പോളിങ് ബൂത്തുകളിലും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.