
തേഞ്ഞിപ്പലം: തമിഴ്നാട് കനിയുന്ന ദിനങ്ങളില്‍ മാത്രം കൃത്യമായ പരിശീലനം. എന്നിട്ടും പതിവു തെറ്റിക്കാതെ ശ്രീശങ്കര്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് കേരളത്തിനായി എം ശ്രീശങ്കര്‍ സുവര്‍ണ ചാട്ടം നടത്തിയത്. 7.49 മീറ്റര്‍ ദൂരം കീഴടക്കിയ ശ്രീശങ്കര്‍ മധ്യപ്രദേശിന്റെ അങ്കിത്കുമാര്‍ 2009 ല്‍ സ്ഥാപിച്ച 7.41 മീറ്റര്‍ മീറ്റ് റെക്കോര്‍ഡാണ് ആറു വര്‍ഷത്തിന് ശേഷം മറികടന്നത്. ആദ്യ ചാട്ടത്തില്‍ തന്നെ 7.48 ചാടി റെക്കോര്‍ഡ് തകര്‍ത്തു ശ്രീ. പിന്നീട് 7.49 ദൂരം പിന്നിട്ടു സ്വര്‍ണത്തോടെ ചാട്ടം നിര്‍ത്തി. മഡ്പിറ്റില്‍ നടത്തുന്ന പരിശീലനത്തിന്റെ മികവിലാണ് സിന്തറ്റിക് ട്രാക്കില്‍ ഇന്നലെയും റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം നേടിയത്. കെ.വി കഞ്ചിക്കോട് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീശങ്കര്‍ കോട്ടമൈതാനത്തും റെയില്‍വേ കോളനി മൈതാനത്തുമാണ് പരിശീലനം നടത്തുന്നത്.
സിന്തറ്റിക് ട്രാക്കിലെ പരിശീലനത്തിനായി ഇടയ്ക്കിടെ കോയമ്പത്തൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് ആശ്രയം. ഇവിടെ എത്തിയ ശേഷം പലപ്പോഴും പരിശീലനം നടത്താനാവാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്. അണ്ടര്‍ 14 ഒഴികെ വിഭാഗങ്ങളിലെ ലോങ് ജംപില്‍ ഇതുവരെ അഞ്ചു റെക്കോര്‍ഡുകളും ശ്രീശങ്കറുടെ പേരിലാണ്. മുന്‍ദേശീയ താരങ്ങളായ മാതാപിതാക്കളാണ് ശ്രീയുടെ കരുത്തും വഴികാട്ടികളും. സതേണ്‍ റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് റിസര്‍വേഷന്‍ ഓഫിസറായ എസ് മുരളിയുടെയും പാലക്കാട് എഫ്.സി.ഐയില്‍ മാനേജരായ കെ.എസ് ബിജിമോളുടെയും പുത്രനാണ് ശ്രീശങ്കര്‍.