2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ശാസ്ത്രോപയോഗം സ്ത്രീവിരുദ്ധതയ്ക്കാവരുത്

അഡ്വ. പി. സതീദേവി


ശാസ്ത്രം വളര്‍ന്ന് മനുഷ്യസമാന ചിന്താശേഷിയുള്ള, ക്രിയാത്മക മെഷീനുകളുടെ ആവിര്‍ഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്.എ.ഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് സമീപകാലത്ത് സാങ്കേതികമേഖലയിലെ ഗവേഷണങ്ങളുടെ ഗതി നോക്കുമ്പോള്‍ മനസിലാകുന്നത്. എന്നാല്‍ ഈ വളര്‍ച്ച, സമൂഹത്തിന്റെ സര്‍വമേഖലയ്ക്കും ഗുണപര മാറ്റമാണോ കൊണ്ടുവരുന്നത് എന്നതും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതും വലിയ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതു തന്നെയാണ്.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ മാനവരാശിയുടെ സമഗ്ര പുരോഗതിക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്ന അന്തരീക്ഷമാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലപ്പോഴും ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സ്ത്രീവിരുദ്ധമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നുള്ള കാര്യവും പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ പിറവി ഉറപ്പുവരുത്താന്‍ ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുള്ള നേട്ടമാണ് അംനിയോസിന്തസിസ് എന്നത്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം നിര്‍ണയിക്കാന്‍ കണ്ടുപിടിക്കപ്പെട്ട ഈ ശാസ്ത്രീയ നേട്ടം ലിംഗനിര്‍ണയത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കാന്‍ ഇടവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രീനേറ്റല്‍ ഡയഗ്‌നോസ്റ്റിക്‌സ് ടെക്‌നിക്‌സ് (പ്രൊഹിബിഷന്‍ ഓഫ് സെക്‌സ് സെലക്ഷന്‍) ആക്ട് 1994 കൊണ്ടുവരാന്‍ നിര്‍ബന്ധിതമായിട്ടുള്ളത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം പാടില്ല എന്ന ഈ നിയമം അടക്കം ഉണ്ടാക്കാന്‍ ഇടവന്നിട്ടുള്ളത് പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു എന്ന സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ ഈ ആധുനിക കാലഘട്ടത്തില്‍, ഡിജിറ്റല്‍ യുഗത്തില്‍ ശാസ്ത്രീയ നേട്ടങ്ങള്‍, മനുഷ്യരാശിയുടെ ആകെ ഉന്നമനത്തിനുവേണ്ടി സജ്ജമാക്കാനും സ്ത്രീവിരുദ്ധമായ എല്ലാതരത്തിലുള്ള നിലപാടുകളെയും എതിര്‍ക്കാനും മറികടക്കാനും ഉപയോഗിക്കേണ്ടതുണ്ട്.


സാങ്കേതികവിദ്യയിലും സാങ്കേതികമേഖലയിലും സ്ത്രീകളുടെ പങ്ക് താരതമ്യേന കുറവാണെന്ന് കാണാം. ഇന്ന് ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള സ്ത്രീകളുടെ പങ്കാളിത്തം പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. ആഗോളതലത്തില്‍ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം മെച്ചപ്പെട്ടുവരുമ്പോഴും ശാസ്ത്രസാങ്കേതിക മേഖലയില്‍ ഇത് ഗണ്യമായി കുറവാണ്. ചില കണക്കുകള്‍ പരിശോധിക്കാം. ആഗോളതലത്തില്‍ 38 കോടിയിലധികം സ്ത്രീകളും കുട്ടികളും അതിദാരിദ്ര്യത്തിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് വളരെയധികം വര്‍ധിക്കും. തൊഴിലിടങ്ങളിലെ കണക്ക് നോക്കുകയാണെങ്കില്‍ മാനേജര്‍ പോസ്റ്റുകളില്‍ ഇപ്പോഴും മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകള്‍ ഉള്ളത്. തൊഴില്‍ മേഖലയിലെ പങ്കാളിത്തം നോക്കിയാല്‍, 169 രാജ്യങ്ങളില്‍ കൊവിഡിനു മുമ്പുള്ള നിരക്കിലും താഴെയാണ് സ്ത്രീകളുള്ളത്. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഇപ്പോഴും പത്തില്‍ രണ്ടു പേര്‍ മാത്രമാണ് സ്ത്രീകളുള്ളത്. പല രാജ്യങ്ങളും ജെന്‍ഡര്‍ ബജറ്റ് മുന്നോട്ടുവയ്ക്കുമ്പോഴും 26 ശതമാനം മാത്രമാണ് അത് കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത്.


സാങ്കേതികവിദ്യയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. സ്‌കൂളില്‍ ഈ മേഖലയിലെ ഉന്നതപഠനം പിന്തുടരാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാത്തതാണ് ഒരു കാരണം. പെണ്‍കുട്ടികളെ പലപ്പോഴും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകള്‍ പിന്തുടരുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഈ വിഷയങ്ങള്‍ ‘പുരുഷ വിഷയങ്ങള്‍’ ആണെന്ന ധാരണയാണ് ഇതിന് പ്രധാന കാരണം.
സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ക്ക് നിസ്തുലമായ പങ്ക് കാണാൻ സാധിക്കും. അവര്‍ പലപ്പോഴും സാങ്കേതികവിദ്യയ്ക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരുന്നു. സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കാന്‍ അവര്‍ക്ക് സഹായിക്കാനാകും. കൂടുതല്‍ സ്ത്രീകള്‍ സാങ്കേതിക രംഗത്തേക്ക് കടന്നുവരേണ്ടിയിരിക്കുന്നു. അതിന്റെ വിജയത്തില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കും. കൂടാതെ, എ.ഐ പോലുള്ള സങ്കേതങ്ങളുപയോഗിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയന്ത്രിക്കുക, യുദ്ധബാധിത പ്രദേശങ്ങളിലും അഭയാര്‍ഥി മേഖലകളിലും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനും ആരോഗ്യ-വിദ്യാഭ്യാസ അവകാശങ്ങളുറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതികപശ്ചാത്തലം ഒരുക്കുക തുടങ്ങിയവയും ആവശ്യമാണ്. ലാഭേച്ഛ മാത്രം ആവരുത് ശാസ്ത്രസാങ്കേതിക മേഖലയിലെ വളര്‍ച്ചയുടെ പ്രേരകശക്തി. ഇത്തരം വിവേചനങ്ങളും അസമത്വങ്ങളും മറികടക്കലും നമ്മുടെ ലക്ഷ്യമാവണം.

(വനിതാ കമ്മിഷന്‍ അധ്യക്ഷയാണ്
ലേഖിക)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.