സ്വന്തം ലേഖകൻ
കൊല്ലം • എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കൊല്ലം ഡി.സി.സി ഓഫിസിന് മുന്നിലും ചിന്നക്കട റൗണ്ടിന് സമീപവും ഫ്ലക്‌സ് ബോർഡുകൾ. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ. ”തരൂർ ജയിക്കട്ടെ, കോൺഗ്രസ് നിലനിൽക്കട്ടെ, തരൂർ നയിക്കട്ടെ, തരൂർ കോൺഗ്രസിന്റെ രക്ഷകൻ” എന്നിങ്ങനെയുള്ള വാചകങ്ങളാണ് ബോർഡുകളിലുള്ളത്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിനെതിരേ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി നീങ്ങുന്ന സമയത്താണ് അദ്ദേഹത്തിന് അനുകൂലമായി ഫ്ലക്‌സുകൾ പ്രത്യക്ഷപ്പെട്ടത്.
യൂത്ത് കോൺഗ്രസിന്റെ പേരിൽ സ്ഥാപിച്ച ബോർഡുകളിൽ ഏത് ഘടകമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല. തരൂരിന് സമൂഹ മാധ്യമങ്ങളിലും വലിയ പിന്തുണ ലഭിക്കുന്നതിന് പിന്നാലെയാണ് കൂറ്റൻ ഫ്ലക്‌സുകളും ഉയരുന്നത്.
നേരത്തെ കോട്ടയത്തെ ചിലയിടങ്ങളിൽ തരൂർ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കൊല്ലത്തെ ഫ്ലക്‌സ് ബോർഡുകളെ പറ്റി പ്രതികരിക്കാൻ ജില്ലയിലെ നേതാക്കളാരും തയ്യാറായിട്ടില്ല. കോൺഗ്രസ് നേതൃനിരയിലേക്ക് യുവാക്കൾ കടന്നുവരണമെന്ന് വാദിക്കുന്നവരെല്ലാം അധ്യക്ഷ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നത് 80 കഴിഞ്ഞ ഖാർഗെയെയാണെന്ന വിരോധാഭാസമാണ് ഫ്ലക്സുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. തരൂരിനെ എതിർക്കുന്ന മുതിർന്ന നേതാക്കളോടുള്ള ഒരുവിഭാഗം യുവനേതാക്കൾക്കുള്ള അസംതൃപ്തിയാണ് ഫ്ലക്സ് ബോർഡുകൾക്ക് പിന്നിൽ. ഈ അസംതൃപ്തരുടെ വോട്ടും തരൂരിന് ലഭിച്ചേക്കും. എ, ഐ ഗ്രൂപ്പുകളിലെ രണ്ടാം നിരയിലെ യുവ നേതാക്കൾ ശശി തരൂരിന്റെ വിജയമാഗ്രഹിക്കുന്നു.
Comments are closed for this post.